Asianet News MalayalamAsianet News Malayalam

സിഎഎ പാസാക്കും മുമ്പേ ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും പൗരത്വം നല്‍കി അഫ്ഗാനിസ്ഥാന്‍

3500 പേര്‍ക്കാണ് ദേശീയ തിരിച്ചറിയല്‍ കാര്‍ഡും പ്രത്യേക ന്യൂനപക്ഷ പദവിയും നല്‍കിയതെന്ന് അഫ്ഗാന്‍ എംബസി തലവന്‍ താഹിര്‍ ഖാദ്‍രി ദ പ്രിന്‍റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Days before CAA , Afghanistan gave citizenship to its Hindus and Sikhs in India
Author
New Delhi, First Published Feb 12, 2020, 3:58 PM IST

ദില്ലി: ഇന്ത്യയില്‍ താമസിക്കുന്ന അഫ്ഗാനില്ഡ നിന്നുള്ള ഹിന്ദു, സിഖ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കി അഫ്ഗാന്‍ ഗവണ്‍മെന്‍റ്. ഇന്ത്യ പൗരത്വ നിയമ ഭേദഗതി പാസാക്കുന്നതിന് തൊട്ടുമുമ്പായാണ് അഫ്ഗാന്‍ ഹിന്ദു, സിഖ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കിയത്. 3500 പേര്‍ക്കാണ് ദേശീയ തിരിച്ചറിയല്‍ കാര്‍ഡും പ്രത്യേക ന്യൂനപക്ഷ പദവിയും നല്‍കിയതെന്ന് അഫ്ഗാന്‍ എംബസി തലവന്‍ താഹിര്‍ ഖാദ്‍രി ദ പ്രിന്‍റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ദില്ലിയിലെ അഫ്ഗാന്‍ എംബസിയില്‍, പ്രസി‍ഡന്‍റ് അഷ്റഫ് ഗനിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയത്. അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ് വിശ്വാസികള്‍ തങ്ങളുടെ സഹോദരങ്ങളാണെന്നും അവരില്‍ ചിലരുടെ കുട്ടികള്‍ ഇവിടെ ജനിച്ചതിനാലും അവരുടെ ജീവിതം ഇവിടെയായതിനാലുമാണ് അങ്ങോട്ട് ക്ഷണിക്കാത്തതെന്നും താഹിര്‍ ഖാദ്‍രി പറഞ്ഞു. നിരവധി ഔദ്യോഗിക കാര്യങ്ങള്‍ക്ക് അഫ്ഗാന്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപകാരപ്പെടും.

ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള അഫ്ഗാന്‍ പൗരന്മാര്‍ക്ക് യാത്രാ കാര്‍ഡും വിതരണം ചെയ്യും. അഫ്ഗാനില്‍ ജനിച്ച് ഇന്ത്യന്‍ പൗരത്വം ലഭിച്ചവര്‍ക്കും യാത്രാ കാര്‍ഡ് ലഭിക്കും. പാസ്പോര്‍ട്ട് കാലാവധി അവസാനിക്കുന്നത് വരെ കാര്‍ഡുപയോഗിച്ച് അഫ്ഗാനില്‍ എവിടെയും യാത്ര ചെയ്യാം. ഇന്ത്യയില്‍ താമസിക്കുന്ന അഫ്ഗാന്‍ പൗരന്മാരുടെ അഫ്ഗാനിലുള്ള സ്വത്ത് വില്‍ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള നിയന്ത്രണങ്ങളും ഇളവ് വരുത്തും. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലീങ്ങളൊഴികെയുള്ളവര്‍ക്ക് പൗരത്വം നല്‍കുമെന്ന പൗരത്വ നിയമ ഭേദഗതി ഇന്ത്യ നടപ്പാക്കിയത്. 
 

Follow Us:
Download App:
  • android
  • ios