ദില്ലി: ബലാത്സംഗക്കേസിൽ കുറ്റക്കാരായവരെ ആറ് മാസത്തിനുള്ളിൽ തൂക്കിക്കൊല്ലണമെന്ന് ആവശ്യവുമായി അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമരത്തെ തുട‍ർന്ന് ബോധരഹിതയായതോടെയാണ് സ്വാതിയെ ഇന്ന് പുലർച്ചയോടെ ആശുപത്രിയിലാക്കിയത്. 

രാജ്ഘട്ടിൽ കഴിഞ്ഞ 10 ദിവസമായി മാലിവാൾ നിരാഹാര സമരം നടത്തുകയായിരുന്നു. ആദ്യം ദില്ലിയിലെ ജന്തർമന്തറിൽ തുടങ്ങിയ സമരം പിന്നീട് രാജ്ഘട്ടിലേക്ക് മാറ്റുകയായിരുന്നു. പുതിയ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സ്വാതി മാലിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് എഴുതിയിരുന്നു. നിയമം നടപ്പാക്കുന്നത് വരെ സമരം തുടരുമെന്നാണ് സ്വാതിയുടെ പ്രഖ്യാപനം.