റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മഹീന്ദ്ര ഥാര്‍ വാഹനത്തിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്.
ഗാസിയാബാദ്: 18 വയസുകാരനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആഗ്രയില്‍ കോച്ചിങ് ക്ലാസുകള്‍ നടത്തിവരികയായിരുന്ന ധരംവീര്‍ യാദവ് എന്ന യുവാവിനെയാണ് ശനിയാഴ്ച പുലര്‍ച്ചെ തുണ്ട്ല - ആഗ്ര റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് വെടിയേറ്റതായി കണ്ടെത്തിയിട്ടുണ്ട്.
റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മഹീന്ദ്ര ഥാര്‍ വാഹനത്തിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. ഡ്രൈവര്‍ സീറ്റിന് തൊട്ടടുത്ത സീറ്റിലായിരുന്നു മൃതദേഹം. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് തലയില്‍ വെടിയേറ്റത് കണ്ടെത്തിയത്. സ്ഥലത്തു നിന്ന് ചില തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നും കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും എസ്.പി സര്‍വേശ് കുമാര്‍ മിശ്ര പറഞ്ഞു.
ആഗ്രയില്‍ കോച്ചിങ് ക്ലാസ് നടത്തിയിരുന്ന യുവാവ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് വീട്ടില്‍ നിന്ന് പുറപ്പെട്ടത്. രാത്രി പത്ത് മണിയോടെ സഹോദരി വിളിച്ചപ്പോള്‍ തിരക്കാണെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. പിന്നീട് രാത്രി ഒരു മണിയോടെ ഇയാളുടെ ഫോണില്‍ നിന്ന് ഒരു ബന്ധുവിനെ വിളിച്ചിരുന്നെങ്കിലും മറുപടി ലഭിച്ചില്ല.
മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പൊലീസ് അറിയിച്ചതനുസരിച്ച് ശനിയാഴ്ച ബന്ധുക്കള്‍ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ഡോഗ് സ്ക്വാഡും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവ് ശേഖരിച്ചു.
