പുലർച്ചെ 1.30ന് ശീതൽ തന്റെ സഹോദരിയായ നേഹയെ വീഡിയോ കോൾ വിളിച്ച്, സുനിൽ ഉപദ്രവിക്കുന്നുവെന്ന് അറിയിച്ചു. പിന്നാലെ കോൾ കട്ടായി. അതിന് ശേഷം തിരികെ വിളിക്കുമ്പോൾ ഫോൺ കിട്ടിയിരുന്നില്ല.

ചണ്ഡിഗഡ്: ഹരിയാനയിലെ കനാലിൽ നിന്ന് മോഡലായ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കാമുകൻ അറസ്റ്റിലായി. നേരത്തെ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ ഇയാൾ സംഭവം അപകടമായി ചിത്രീകരിക്കാൻ ശ്രമം നടത്തിയെങ്കിലും പൊലീസ് അന്വേഷണത്തിൽ സത്യം കണ്ടെത്തി. ഒടുവിൽ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ശനിയാഴ്ച രാത്രിയുണ്ടായ വഴക്കിനെ തുടർന്നായിരുന്നു കൊലപാതകമെന്ന് ഇയാൾ പറഞ്ഞു.

മോഡലായ ശീതൾ ചൗധരിയാണ് കൊല്ലപ്പെട്ടത്. വിവാഹിതയും അഞ്ച് മാസം പ്രായമുള്ള കുട്ടിയുടെ അമ്മയുമാണ് ശീതൾ. ഇവർക്ക് കഴിഞ്ഞ ആറ് വർഷമായി സുനിൽ എന്നൊരു യുവാവുമായി സൗഹൃദമുണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ആൽബം ഷൂട്ടിന് വേണ്ടി ശീതൾ പാനിപ്പത്തിലെത്തിയപ്പോൾ രാത്രിയോടെ സുനിലും ഇവരെ കാണാൻ അവിടെയെത്തി. സുനിലിന്റെ കാറിൽ യാത്ര ചെയ്ത ഇരുവരും രാത്രി മദ്യപിച്ച ശേഷം വഴക്ക് തുടങ്ങി. പുലർച്ചെ 1.30ന് ശീതൽ തന്റെ സഹോദരിയായ നേഹയെ വീഡിയോ കോൾ വിളിച്ച്, സുനിൽ ഉപദ്രവിക്കുന്നുവെന്ന് അറിയിച്ചു. പിന്നാലെ കോൾ കട്ടായി. അതിന് ശേഷം തിരികെ വിളിക്കുമ്പോൾ ഫോൺ കിട്ടിയിരുന്നില്ല.

ശനിയാഴ്ച പാനിപ്പത്തിന് സമീപമുള്ള കനാലിൽ നിന്ന് സുനിലിന്റെ കാർ പൊലീസ് കണ്ടെത്തി. പക്ഷേ ശീതൾ വാഹനത്തിൽ ഉണ്ടായിരുന്നില്ല. അന്വേഷണത്തിനൊടുവിൽ ഒരു ആശുപത്രിയിൽ നിന്ന് സുനിലിനെ പരിക്കുകളോടെ പൊലീസ് കണ്ടെത്തി. അപകടം സംഭവിച്ച് കാർ കനാലിലേക്ക് മറിഞ്ഞുവെന്നും താൻ നീന്തി കയറിയതായും ശീതളിനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പൊലീസിന് മൊഴി നൽകി. അപ്പോഴും ശീതൽ എവിടെയെന്ന് അറിഞ്ഞിരുന്നില്ല.

തിങ്കളാഴ്ച സോനിപ്പത്തിന് സമീപം ഖോർഖൊണ്ടയിലെ കനാലിൽ കഴുത്തറുക്കപ്പെട്ട നിലയിൽ ശീതളിന്റെ മൃതദേഹം കണ്ടെത്തി. കൈയിലും നെഞ്ചിലുമുണ്ടായിരുന്ന ടാറ്റൂ തിരിച്ചറിഞ്ഞാണ് മൃതദേഹം ശീതളിന്റെ തന്നെയെന്ന് മനസിലാക്കിയത്. പാനിപ്പത്തിൽ നിന്ന് 80 കിലോമീറ്ററോളം അകലേക്ക് മൃതദേഹം ഒഴുകിയെത്തിയിരുന്നു. പുറത്തെടുത്ത് പരിശോധിച്ചപ്പോൾ ശരീരത്തിൽ പല സ്ഥലങ്ങളിലും കുത്തേറ്റ പാടുകളുമുണ്ടായിരുന്നു.

മൊഴിയിലെ വൈരുദ്ധ്യങ്ങൾ മനസിലാക്കിയ പൊലീസ് സുനിലിനെ വിശദമായി ചോദ്യം ചെയ്തു. ഇതിനൊടുവിൽ ഇയാൾ കുറ്റം സമ്മതിച്ചു. ആറ് വർഷമായുള്ള അടുപ്പത്തിനൊടുവിൽ തന്നെ വിവാഹം ചെയ്യണമെന്ന് സുനിൽ ആവശ്യപ്പെട്ടെങ്കിലും വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനും ആയിരുന്നതിനാൽ ശീതൾ നിരസിച്ചുവത്രെ. മൃതദേഹം പൊലീസ് പോസ്റ്റ്മോർട്ടത്തിന് അയച്ചു.