എംകെ ഗണപതിയുടെ മരണം; കര്‍ണാടക മന്ത്രി കെജെ ജോര്‍ജിന് ആശ്വാസം, സിബിഐ കേസ് റദ്ദാക്കിയത് കോടതി ശരിവെച്ചു
കെജെ ജോർജും രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും തന്നെ മാനസികമായി പീഡിപ്പിച്ചെന്നും എംകെ ഗണപതി ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു
ദില്ലി: കർണാടകയിലെ ഊർജ്ജ മന്ത്രിയും മലയാളിയുമായ കെജെ ജോർജിന് ആശ്വാസം. ഡിവൈഎസ്പിയായിരുന്ന എംകെ ഗണപതിയുടെ ആത്മഹത്യയിൽ കെജെ ജോർജിന് എതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് സുപ്രീം കോടതി ശരിവച്ചു. കേസ് അവസാനിപ്പിച്ച സിബിഐ റിപ്പോർട്ട് കർണാടക ഹൈക്കോടതി നേരത്തെ അംഗീകരിച്ചിരുന്നു.
ഇതിനെതിരെ ഗണപതിയുടെ സഹോദരി നല്കിയ ഹർജിയാണ് സുപ്രീംകോടതി ഇന്ന് തള്ളിയത്. കെജെ ജോർജും രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും തന്നെ മാനസികമായി പീഡിപ്പിച്ചെന്നും എംകെ ഗണപതി ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു. കഴിഞ്ഞ കോൺഗ്രസ് സർക്കാരിന്‍റെ കാലത്ത് കെജെ ജോർജിന്‍റെ രാജിക്ക് കേസ് ഇടയാക്കിയിരുന്നു. സത്യം നിലനില്‍ക്കും എന്ന് തെളിയിക്കുന്നതാണ് സുപ്രീംകോടതി വിധിയെന്ന് കെജെ ജോർജ് പ്രതികരിച്ചു.