മുംബൈ: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും വര്‍ധിക്കുന്നു. ഇതുവരെ 46711 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1583 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചപ്പോള്‍ 13161 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്രം വ്യക്തമാക്കുന്നു. ഗുജറാത്തില്‍ 49 പേരാണ് ഇന്നുമാത്രം കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ഒരു സംസ്ഥാനത്തിൽ നിന്നുള്ള ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണ സംഖ്യയാണ് ഗുജറാത്തിലേത്. ഇന്ന് 441 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഗുജറാത്തില്‍ ആകെ രോഗികളുള്ള എണ്ണം 6245 ആയി.

മഹാരാഷ്ട്രയില്‍ ഇന്ന് 34 പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് ആകെ മരണം 617 ആയി. ഇന്ന് 841 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ ആകെ രോഗികളുടെ എണ്ണം 15525 ആയി. രോഗബാധിതരുടെ എണ്ണം കൂടുതലുള്ള മുംബൈയിൽ മാത്രം ഇന്ന് 26 പേർ മരിച്ചു.  9758 പേരാണ് നഗരത്തിൽ രോഗബാധിതരായിട്ടുള്ളത്. ധാരാവിയിൽ 33 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 

ദില്ലിയിൽ കൊവിഡ് കേസുകൾ 5000 കടന്നു. ഇന്ന് 206 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം തീവ്രബാധിത മേഖലകളുടെ എണ്ണം കുറഞ്ഞു. 90 ല്‍ നിന്ന് 88 ആയി. ചെന്നൈയിൽ രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണുള്ളത്. കോയമ്പേട് മാർക്കറ്റിൽ എത്തിയവർ വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങിപ്പോയതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. കേരളത്തിലേക്ക് ഉൾപ്പടെ  മടങ്ങിയവരെ തിരിച്ചറിയാൻ ശ്രമം തുടങ്ങി. ഇടുക്കി, പാലക്കാട്, മലബാർ മേഖലയിലേക്കും പൊള്ളാച്ചി, മേട്ടുപാളയം എന്നിവടങ്ങളിലേക്കും മടങ്ങിയ ലോറി ഡ്രൈവർമാരെ കണ്ടെത്തണം.

രോഗവ്യാപനത്തിന്‍റെ  കേന്ദ്രമായ കോയമ്പേടിൽ വന്നു പോയവരെ മൊബൈൽ കേന്ദ്രീകരിച്ച് കണ്ടെത്താനാണ് ശ്രമം. ചെന്നൈയിലെ പഴം പച്ചക്കറി ചില്ലറ വിൽപ്പനക്കാർക്കും രോഗം സ്ഥിരീകരിച്ചു. കല്ല്യാണ മണ്ഡപങ്ങള്‍, സ്കൂൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവ ഏറ്റെടുത്ത് ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചു. സമൂഹ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ രോഗലക്ഷണം ഉള്ള കൊവിഡ് ബാധിതരെ മാത്രമേ ആശുപത്രിയിൽ ചികിത്സിക്കു . രോഗലക്ഷ്ണം ഇല്ലാത്ത രോഗികൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. രോഗബാധിതർ ഇരട്ടിക്കുന്ന സാഹചര്യത്തിലാണ്  സർക്കാർ തീരുമാനം. 

തെലങ്കാന ലോക്ക് ഡൗണ്‍ മെയ്‌ 29 വരെ നീട്ടി. മെയ്‌ 17ന് ശേഷവും ലോക്ക് ഡൗണ്‍ നീട്ടുന്ന ആദ്യ സംസ്ഥാനമാണ് തെലങ്കാന. സംസ്ഥാനത്ത് മദ്യക്കടകളും തുറക്കില്ല.മുംബൈയിൽ മദ്യശാലകൾ പൂട്ടാൻ കോർപ്പറേഷൻ തീരുമാനിച്ചു. തിരക്ക് കൂടുതലായതിനാൽ സാമൂഹ്യ അകലം പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് നടപടി. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രം തുറക്കാം. മാർഗ നിർദ്ദേശങ്ങൾ പാലിക്കാത്തതിന് പൂനെയിൽ 9 മദ്യശാലകൾക്കെതിരെ കേസെടുത്തു.