ഹിമാചൽ പ്രദേശ്: ഹിമാചലിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് വീണുണ്ടായ അപകടത്തിൽ മരണം 42 ആയി. മുപ്പതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. എഴുപതോളം പേർ അപകടം നടക്കുമ്പോൾ ബസിലുണ്ടായിരുന്നതായാണ് വിവരം. ഭൂരിഭാഗം ആളുകളും ബസിന് മുകളിൽ കയറിയായിരുന്നു യാത്ര ചെയ്തിരുന്നത്. 

ബഞ്ചാറിൽ നിന്ന് ഗഡഗുഷാനിയിലേക്ക് പോകവേയാണ് ബസ് അഞ്ഞൂറടി താഴ്ചയുള്ള കൊക്കയിലേക്ക് വീണത്. കുളുവിൽ നിന്ന് അറുപത് കിലോമീറ്റർ അകലെ ബഞ്ചാറിലാണ് അപകടമുണ്ടായത്. അശ്രദ്ധമായ ഡ്രൈവിംഗും പരിധിയലധികം ആളുകൾ കയറിയതുമാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. 

അപകടത്തിൽ പരിക്കേറ്റവരെ ബഞ്ചാർ സിവിൽ ആശുപത്രിയിലും കുളു ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.  സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഹിമാചൽ മുഖ്യമന്ത്രി ജയ് റാം ഠാക്കൂറും  ഗവർണർ ആചാര്യ ദേവവ്രതും അപകടത്തിൽ അനുശോചിച്ചു. സംഭവത്തിൽ ഹിമാചൽ മുഖ്യമന്ത്രി മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

 

കുളു ജില്ല നിവാസികൾ തന്നെയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ അടിയന്തര ധനസഹായമെന്ന നിലയിൽ നൽകുമെന്ന് ജില്ലാഭരണകൂടം പ്രഖ്യാപിച്ചു. സ്ഥിരം അപകടമേഖലയിൽ വച്ചാണ് ബസ് അപകടത്തിൽപ്പെട്ടത്.