Asianet News MalayalamAsianet News Malayalam

നിര്‍ഭയ കേസ്: വധശിക്ഷ നാളെ ഇല്ല, മരണ വാറണ്ടിന് സ്റ്റേ, പുതിയ ഉത്തരവിറക്കും

ദയാഹര്‍ജി തള്ളിയാൽ വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് 14 ദിവസത്തെ സാവകാശം നൽകണം എന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ദില്ലി കോടതി നാലാമത്തെ മരണവാറണ്ടും സ്റ്റേ ചെയ്തത്.

death warrant of nirbhaya convicts postponed
Author
Delhi, First Published Mar 2, 2020, 6:24 PM IST

ദില്ലി: നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ നാളെയും നടപ്പാക്കില്ല. വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ട് ദില്ലി പട്യാല ഹൗസ് കോടതി സ്റ്റേ ചെയ്തു. കേസിലെ കുറ്റവാളിയായ പവൻ ഗുപ്ത ദയാഹര്‍ജി നൽകിയ സാഹചര്യത്തിലാണ് ദില്ലി കോടതിയുടെ തീരുമാനം. ദയാഹര്‍ജി തള്ളിയാൽ വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് 14 ദിവസത്തെ സാവകാശം നൽകണം എന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ദില്ലി കോടതി നാലാമത്തെ മരണവാറണ്ടും സ്റ്റേ ചെയ്തത്. പുതിയ മരണവാറണ്ട് രണ്ട് ദിവസത്തിനകം ഇറക്കും.

പവൻഗുപ്തയുടെ ദയാഹര്‍ജിയും വൈകീട്ടോടെ രാഷ്ട്രപതി തള്ളി. അതിന് ശേഷമാണ് വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവെച്ച് ദില്ലി പട്യാല ഹൗസ് കോടതി ഉത്തരവിറക്കിയത്. വധശിക്ഷ ശരിവെച്ച വിധി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പവൻ ഗുപ്ത നൽകിയ തിരുത്തൽ ഹര്‍ജി രാവിലെ സുപ്രീംകോടതിയും തള്ളിയിരുന്നു. ഇതോടെ നിര്‍ഭയ കേസിലെ നാല് കുറ്റവാളികൾക്ക് മുന്നിലെ നിയമവഴികളെല്ലാം അവസാനിച്ചു. ഇനി ദില്ലി കോടതി നിശ്ചയിക്കുന്ന ദിവസം തന്നെ വധശിക്ഷ നടപ്പാക്കാനാകും.

ജനുവരി 22നായിരുന്നു ആദ്യത്തെ മരണവാറണ്ട്. പ്രത്യേകം ദയാഹര്‍ജികൾ നൽകിയതിനാലാണ് നാല് തവണ മരണവാറണ്ട് സ്റ്റേ ചെയ്യേണ്ടിവന്നത്. അക്ഷയ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, മുകേഷ് എന്നിവരുടെ വധശിക്ഷ മാര്‍ച്ച് മൂന്നിന് നടപ്പാക്കാനായിരുന്നു അവസാനം പുറപ്പെടുവിച്ച മരണവാറണ്ടിലെ തീരുമാനം. ദയാഹര്‍ജി തള്ളിയ തീരുമാനം ചോദ്യം ചെയ്ത് പവൻ ഗുപ്തക്ക് ഇനി വേണമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാം. രണ്ടാമത് ദയാഹര്‍ജി നൽകിയ അക്ഷയ് ഠാക്കൂര്‍ വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹര്‍ജിയും ഇന്ന് ദില്ലി പട്യാല കോടതി തള്ളിയിരുന്നു.

2012 ഡിസംബര്‍ 16നാണ്  23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനി ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികൾ വഴിയിൽ തള്ളി.  .പീഡനത്തിൽ ആന്തരികാവയവങ്ങൾക്ക്  ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29ന് മരണം സംഭവിച്ചു. 

Follow Us:
Download App:
  • android
  • ios