വെറും രാഷ്ട്രീയ ആരോപണമായി മാത്രം കാണരുതെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍ ചര്‍ച്ച  അനിവാര്യമാണെന്നും പാര്‍ലമെന്‍ററി കാര്യമന്തി കിരണ്‍ റിജിജു

ദില്ലി:അദാനി വിവാദം തുടര്‍ച്ചയായി ഉന്നയിക്കുന്ന പ്രതിപക്ഷത്തെ പാര്‍ലമെന്‍റില്‍ അടിച്ചിരുത്താന്‍ സോറോസ് രാഹുല്‍ ഗാന്ധി ബന്ധത്തില്‍ ചര്‍ച്ചയാവശ്യപ്പെട്ട് ഭരണ പക്ഷം. വെറും രാഷ്ട്രീയ ആരോപണമായി മാത്രം കാണരുതെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍ ചര്‍ച്ച അനിവാര്യമാണെന്നും പാര്‍ലമെന്‍ററി കാര്യമന്തി കിരണ്‍ റിജിജു വ്യക്തമാക്കി.
ജോര്‍ജ് സോറോസിന് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമായുള്ള ബന്ധം പരിശോധിക്കണം. പാര്‍ലമെന്‍റിനെയും മറ്റ് ഭരണഘടന സ്ഥാപനങ്ങളെയും അട്ടിമറിക്കാന്‍ സോറോസ് കോണ്‍ഗ്രസിന് ഫണ്ട് നല്‍കുന്നു.

ബംഗ്ലാദേശ് കലാപത്തിന് പിന്നിലും സോറാസിന്‍റെ കരങ്ങള്‍,. രാജ്യത്തെ സമ്പദ് വ്യവസ്ഥ അട്ടിമറിക്കാനും ഗാന്ധി കുടംബത്തിലൂടെ സോറോസ് ശ്രമിക്കുന്നു. അതീവ ഗുരുതരമായി ആരോപണങ്ങള്‍ ഉന്നയിച്ചാണ് രാജ്യസഭയില്‍ ബിജെപി ചര്‍ച്ച ആവശ്യപ്പെട്ടത്. ശൂന്യവേളയില്‍ ചര്‍ച്ച വേണമമെന്ന് ഭരണകക്ഷി നേതാവ് ജെപി നദ്ദ ആവശ്യപ്പെട്ടു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് മറ്റ് എംപിമാരും ബഹളം വച്ചു

അനാവശ്യ ചര്‍ച്ചക്ക് അവസരമൊരുക്കി ജനാധിപത്യത്തെ കശാപ്പ് ചെയ്യാനാണ് ജഗദീപ് ധന്‍കര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ തിരിച്ചടിച്ചു. അദാനി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്നും പ്രതിപക്ഷം ആരോപിച്ചു

ഭരണപ്രതിപക്ഷാംഗങ്ങള്‍ ഏറ്റുമുട്ടല്‍ തുടര്‍ന്നതോടെ സഭ സ്തംഭിച്ചു. ലോക് സഭയിലും സമാനനീക്കത്തിനായിരുന്നു ഭരണപക്ഷ ശ്രമമെങ്കിലും അദാനി വിവാദത്തില്‍ പ്രതിപക്ഷം ബഹളം വച്ചതോടെ നടപടികള്‍ തടസപ്പെട്ടു. രാവിലെ പാര്‍ലമെന്‍റ് വളപ്പില്‍ മോദിയുടെയും അദാനിയുടെയും മുഖമൂടിയണിഞ്ഞ് പ്രതിപക്ഷം ബഹളം വച്ചു. അദാനിയുടെ മുഖം മൂടിയണിഞ്ഞ എംപിയോട് നിങ്ങള്‍ തമ്മിലുള്ള ബന്ധമെന്താണെന്നും, നിങ്ങള്‍ കാരണം പാര്‍ലമെന്‍റ് നടക്കുന്നില്ലല്ലോയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചത് പ്രതിഷേധത്തിനിടെ ചിരി പടര്‍ത്തി.