ജാതി മാറി വിവാഹം കഴിച്ചതിനാൽ ഇയാളെ സമുദായ നേതാക്കളും കുടുംബവും ഗ്രാമവാസികളും ബഹിഷ്കരിച്ചിരിക്കുകയായിരുന്നു. 

ബർഗഡ്: ജാതി മാറി വിവാഹം ചെയ്ത സഹോദരനെ ആറ് വർഷത്തിന് ശേഷം കൊലപ്പെടുത്തി അനുജൻ. മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കൾ. ഒടുവിൽ എൻജിഒയുടെ കനിവിൽ 40കാരന് അന്ത്യയാത്ര. ജാതി വെറി സമൂഹത്തിൽ ആഴത്തിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഒഡിഷയിലെ ബർഗഡിലുണ്ടായ ദാരുണ സംഭവം. ബർഗഡ് ജില്ലയിലെ സൻസാരേയ് പാലി ഗ്രാമത്തിൽ ഞായറാഴ്ചയാണ് 40കാരനായ സിമാന്ത മിർദ്ധ കൊല്ലപ്പെടുന്നത്. ജാർസുഗുഡയിലെ ബെലാപഹാഡിലേക്ക് ജോലി ആവശ്യത്തിന് ആറ് വർഷം മുൻപ് പോയ സിമാന്ത മറ്റൊരു ജാതിയിൽ നിന്നുള്ള യുവതിയേയാണ് വിവാഹം ചെയ്തത്. ജാതി മാറി വിവാഹം കഴിച്ചതിനാൽ ഇയാളെ സമുദായ നേതാക്കളും കുടുംബവും ഗ്രാമവാസികളും ബഹിഷ്കരിച്ചിരിക്കുകയായിരുന്നു. കുടുംബമോ ബന്ധുക്കളോ ഇയാളുമായി അടുപ്പം സൂക്ഷിച്ചിരുന്നില്ല. 
അടുത്തിടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ സിമാന്ത വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. 

സ്ഥലത്തിന്റെ ഓഹരി സിമാന്ത ആവശ്യപ്പെട്ടതോടെ സിമാന്തയും അനുജനായ രാമകൃഷ്ണ മിർദ്ധയും തമ്മിൽ തർക്കമുണ്ടായി. ഇതിനിടയിൽ അനുജൻ സിമാന്തയെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരക്കഷ്ണം ഉപയോഗിച്ചുള്ള മർദ്ദനത്തിൽ സാരമായി പരിക്കേറ്റ് വീട്ടുമുറ്റത്ത് തന്നെ 40കാരൻ മരണപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്യുകയും മൃതദേഹം മോർച്ചറിയിലേക്കും എത്തിക്കുകയായിരുന്നു. എന്നാൽ മിശ്ര വിവാഹമായതിന്റെ പേരിൽ മൃതദേഹം ഏറ്റെടുക്കാനോ സംസ്കാര ചടങ്ങുകൾ നടത്താനോ സിമാന്തയുടെ വീട്ടുകാരും ഗ്രാമവാസികളും തയ്യാറാവാതെ വരികയായിരുന്നു. ഭാര്യയും അഞ്ച് വയസ് പ്രായമുള്ള മകളും മണിക്കൂറുകളാണ് സിമാന്തയുടെ മൃതദേഹവുമായി മോർച്ചറിക്ക് പുറത്ത് കണ്ണീരിൽ നിൽക്കേണ്ടി വന്നത്. 

ഇതിന് പിന്നാലെ സങ്കൽപ് പരിവാർ എന്ന എൻജിഒയാണ് സിമാന്തയുടെ ഭാര്യയേയും മകളേയും സഹായിക്കാനെത്തിയത്. പിപ്പൽമുണ്ടയിലെ സ്വർഗധാര എന്ന സ്ഥലത്ത് വച്ച് എൻജിഒയുടെ സഹായത്തോടെയാണ് സിമാന്തയുടെ സംസ്കാരം നടന്നത്. ചടങ്ങിൽ 40കാരന്റെ അമ്മ മാത്രമാണ് വീട്ടിൽ നിന്ന് പങ്കെടുക്കാനെത്തിയത്. മറ്റൊരു ജാതിയിൽ നിന്ന് വിവാഹം ചെയ്തതിന് പിന്നാലെ മകൻ ഏറെ കഷ്ടപ്പാടിലായിരുന്നുവെന്നാണ് സിമാന്തയുടെ അമ്മ പറയുന്നത്. ജാതിയിൽ നിന്ന് വിലക്ക് നേരിട്ടതിനാൽ കുടുംബത്തിന് സിമാന്തയെ പൂർണമായി അവഗണിക്കേണ്ടതായി വന്നുവെന്നും സിമാന്തയുടെ ഭാര്യയും മകളും ഇനി എന്തു ചെയ്യുമെന്ന ആശങ്കയും സിമാന്തയുടെ അമ്മ ദേശീയ മാധ്യമങ്ങളോട് വിശദമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം