രോഗികളുടെ എണ്ണം ക്രമാതീതമായതോടെ ജാതി അടിസ്ഥാനമാക്കി കൊവിഡ് രോഗികളെ കൊലപ്പെടുത്താമെന്നായിരുന്നു ശശികാന്ത് ദേശ്പാണ്ഡെ വിശദമാക്കിയത്. കൊവിഡ് 19 രണ്ടാം തരംഗം രൂക്ഷമായ സമയത്തായിരുന്നു സംഭവം

മുംബൈ: കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് വീശിയടിച്ച സമയത്ത് രോഗിയെ കൊല്ലാൻ സഹപ്രവർത്തകന് നിർദ്ദേശം നൽകിയ മുതിർന്ന സർക്കാർ ഡോക്ടറിനെതിരെ കേസ്. മഹാരാഷ്ട്രയിലെ ഉദ്ഗിർ സർക്കാർ ആശുപത്രിയിൽ അഡീഷണൽ ജില്ലാ സർജൻ കൂടിയായ ഡോ ശശികാന്ത് ദേശ്പാണ്ഡെ എന്നയാൾക്കെതിരെയാണ് മഹാരാഷ്ട്ര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഡോ ശശികാന്ത് ദേശ്പാണ്ഡെയുടെ ഓഡിയോ ക്ലിപ് പുറത്ത് വന്നിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഡോ ശശികാന്ത് ദേശ്പാണ്ഡെയും മറ്റൊരു ഡോക്ടറായ ഡോ ശശികാന്ത് ഡാംഗേയും തമ്മിലുള്ള സംഭാഷണമാണ് പുറത്ത് വന്നത്.

2021 ഏപ്രിൽ 15ന് കൊവിഡ് ലക്ഷണങ്ങളുമായി ചികിത്സ തേടിയെത്തിയ കൌസർ ഫാത്തിമ എന്ന യുവതിയെക്കുറിച്ചാണ് ക്ലിപ്പിൽ പറയുന്നത്. 10 ദിവസത്തെ ചികിത്സയ്ക്കൊടുവിൽ ഇവർ ആശുപത്രി വിട്ടിരുന്നു. ഇവരുടെ ഭർത്താവ് ദയാമി അജിമൊദദീൻ ഗൌസോദിൻ ആണ് നിലവിൽ പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. ഡോക്ടർമാർ ഭാര്യയെ കൊല്ലാൻ പദ്ധതിയിട്ട സംഭാഷണം താൻ കേട്ടിരുന്നതായാണ് ഇയാൾ പൊലീസിൽ മൊഴി നൽകിയത്. ഡോ ശശികാന്ത് ഡാംഗേ ആരോപണം നേരിട്ട ഡോക്ടറോട് ലൌഡ് സ്പീക്കറിൽ നടത്തിയ സംഭാഷണമാണ് നിലവിൽ വൈറലായിട്ടുള്ളത്. രോഗികളുടെ എണ്ണം ക്രമാതീതമായതോടെ ജാതി അടിസ്ഥാനമാക്കി കൊവിഡ് രോഗികളെ കൊലപ്പെടുത്താമെന്നായിരുന്നു ശശികാന്ത് ദേശ്പാണ്ഡെ വിശദമാക്കിയത്. 

സംഭവത്തിൽ ലാത്തൂർ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഡോക്ടറുടെ ഫോൺ പൊലീസ് പിടിച്ചെടുക്കുകയും നോട്ടീസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. സംഭാഷണത്തിനിടയിൽ ഡോ. ശശികാന്ത് ദേശ്പാണ്ഡെ, ആരെയും അകത്തേക്ക് കടക്കാൻ അനുവദിക്കരുത് ആ സ്ത്രീയെ കൊന്നുകളഞ്ഞേക്കൂ എന്നാണ് പറയുന്നത്. സംഭാഷത്തിനിടയില്‍ ആശുപത്രിയില്‍ കിടക്ക ലഭ്യതയെക്കുറിച്ച് ഡോ. ശശികാന്ത് ദേശ്പാണ്ഡെ അന്വേഷിച്ചിരുന്നു. കിടക്കകളൊന്നും ഒഴിഞ്ഞുകിടക്കുന്നില്ല എന്നായിരുന്നു ശശികാന്ത് ഡാംഗേയുടെ മറുപടി. പിന്നാലെയാണ് കൊന്നുകളയാന്‍ ഡോക്ടര്‍ ആവശ്യപ്പെടുന്നത്. ഭാര്യ ആശുപത്രിയിൽ പ്രവേശിച്ച് ഏഴാം ദിവസമാണ് നിലവിൽ വൈറലായ സംഭാഷണം നടന്നതെന്നാണ് യുവതിയുടെ ഭർത്താവ് ആരോപിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം