ഖാര്‍ഗോണ്‍(മധ്യപ്രദേശ്): ബോളിവുഡ് നടിമാരായ ദീപികാ പദുകോണിനും ജാക്വിലിന്‍ ഫെര്‍ണാണ്ടസിനും മധ്യപ്രദേശില്‍ തൊഴിലുറപ്പ് കാര്‍ഡ്. മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഖാര്‍ഗോണ്‍ ജില്ലയിലാണ് ഇരുവരുടെയും ഫോട്ടോ പതിച്ച തൊഴിലുറപ്പ് കാര്‍ഡ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇവര്‍ കൂലിയും വാങ്ങിയതായി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കളുടെ കുടുംബ തൊഴില്‍ കാര്‍ഡിലാണ് ഇവരുടെ ചിത്രങ്ങള്‍ ഉള്ളത്. ജിര്‍ണിയ പഞ്ചായത്തിലെ 11 പേരുടെ പട്ടികയിലാണ് ഇവരും ഇടം പിടിച്ചത്. പട്ടികയില്‍ പുരുഷന്മാരുമുണ്ട്. സംഭവത്തെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ കലക്ടര്‍ അനുഗ്രഹ നിര്‍ദേശം നല്‍കി. ഇവരുടെ ഫോട്ടോ ഉള്‍പ്പെട്ട തൊഴില്‍ കാര്‍ഡ് പരിശോധിക്കുമെന്നും ഉടന്‍ നടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു. ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്ത തൊഴില്‍ കാര്‍ഡില്‍ താരങ്ങളുടെ ചിത്രം കണ്ടത് അത്ഭുതപ്പെടുത്തിയെന്ന് പ്രദേശവാസി സുനില്‍ സിംഗ് പറഞ്ഞു.

ജാക്വിലിന്‍ ഫെര്‍ണാണ്ടസ്

മനോജ് ശിവശങ്കര്‍ എന്നയാളുടെ കാര്‍ഡിലാണ് ദീപികയുടെ ചിത്രമുള്ളത്. താന്‍ ഇതുവരെ തൊഴിലുറപ്പ് ജോലിക്ക് പോയിട്ടില്ലെന്നും തട്ടിപ്പ് നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ഖാര്‍ഗോണ്‍ ജില്ലാ പഞ്ചായത്ത് സിഇഒ പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി, എംപ്ലോയ്‌മെന്റ് അസിസ്റ്റന്റ്, സര്‍പഞ്ച് എന്നിവര്‍ക്കാണ് തൊഴില്‍ കാര്‍ഡിന്റെ ഉത്തരവാദിത്തമെന്നും സിഇഒ പറഞ്ഞു. അന്വേഷണത്തിന് ശേഷം പ്രശ്‌നം പരിഹരിക്കാമെന്നാണ് അധികൃതരുടെ വാദം.