ബിജെപി നേതാക്കള്‍ രാജ്യവ്യാപകമായി കേസ് കൊടുത്തതിന് പിന്നാലെ ഐപിഎല്‍ തട്ടിപ്പില്‍ രാജ്യം വിട്ട ലളിത് മോദിയും രാഹുലിനെതിരെ കോടതിയെ സമീപിക്കും.

ദില്ലി: കോലാര്‍ പ്രസംഗത്തില്‍ മൊഴി നല്‍കാന്‍ പാറ്റ്ന കോടതി നിര്‍ദ്ദേശിച്ച ദിവസം രാഹുല്‍ ഗാന്ധി ഹാജരാകില്ല. ബിജെപി നേതാക്കള്‍ രാജ്യവ്യാപകമായി കേസ് കൊടുത്തതിന് പിന്നാലെ ഐപിഎല്‍ തട്ടിപ്പില്‍ രാജ്യം വിട്ട ലളിത് മോദിയും രാഹുലിനെതിരെ കോടതിയെ സമീപിക്കും. അയോഗ്യത വിവാദത്തിലെ ജര്‍മ്മനിയുടെ ഇടപെടലിനെ ചൊല്ലി കേന്ദ്രമന്ത്രിമാരും, കോണ്‍ഗ്രസ് നേതാക്കളും കൊമ്പു കോര്‍ത്തു.

കോലാര്‍ പ്രസംഗത്തില്‍ രാഹുലിനെതിരെ മോദി നാമധാരികളായ നിരവധി നേതാക്കള്‍ രാജ്യവ്യാപകമായി പരാതി നല്‍കിയിരുന്നു. 2019ല്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി നല്‍കിയ പരാതിയില്‍, സൂറത്ത് കോടതി വിധിയോടെ പാറ്റ്ന കോടതി നടപടികള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. അടുത്ത 12ന് ഹാജരായി മൊഴി നല്‍കാന്‍ കോടതി രാഹുലിന് നോട്ടീസ് നല്‍കി. എന്നാല്‍ കര്‍ണ്ണാടകയിലെ പ്രചാരണവും, അപകീര്‍ത്തി കേസിന്‍റെ തുടര്‍ നടപടികളും ചൂണ്ടിക്കാട്ടി തീയതി നീട്ടിവാങ്ങാനാണ് തീരുമാനം. ഏപ്രില്‍ അഞ്ചിലെ കോലാര്‍ സന്ദര്‍ശനത്തിന് മുന്‍പ് സൂറത്ത് സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് ആലോചന. 

ഇതിനിടെ കോലാര്‍ പ്രസംഗവും,തനിക്കെതിരെ ഉന്നയിച്ച സാമ്പത്തിക ആരോപണവും ചൂണ്ടിക്കാട്ടി യു കെ കോടതിയെ സമീപിക്കുമെന്നാണ് ലളിത് മോദിയുടെ ഭീഷണി. ആരോപണങ്ങളില്‍ തെളിവുമായി രാഹുല്‍ വരേണ്ടി വരും. അയാള്‍ സ്വയം വിഡ്ഢിയാകുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്ന് ലളിത് മോദി ട്വീറ്റ് ചെയ്തു. ഇന്‍റര്‍ പോളും, അന്താരാഷ്ട്ര കോടതിയും തെളിവുകള്‍ ഹാജരാക്കാനാവശ്യപ്പെട്ടിട്ടും കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും ലളിത് മോദി വാദിച്ചു. 

അതേസമയം അയോഗ്യത വിവാദം നിരീക്ഷിക്കുകയാണെന്ന് യുഎസിന് പിന്നാലെ ജര്‍മ്മനിയും വ്യക്തമാക്കി. ജനാധിപത്യവും നിയമസ്വാതന്ത്ര്യവും പുലരുമെന്നാണ് പ്രതീക്ഷയെന്ന ജര്‍മ്മന്‍ വിദേശകാര്യമന്ത്രാലയത്തിന്‍റെ പ്രസ്താവന കേന്ദ്ര സര്‍ക്കാരിനെ ചൊടിപ്പിച്ചു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ടെന്നും, ഈ പ്രതികരണങ്ങള്‍ക്ക് ഇവിടുത്തെ നിയമ സംവിധാനങ്ങളെ സ്വാധീനിക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി ഓര്‍ത്താല്‍ കൊള്ളാമെന്നും മന്ത്രിമാരായ കിരിണ്‍ റിജിജുവും, അനുരാഗ് താക്കൂറും പ്രതികരിച്ചു. അദാനിയുമായി ബന്ധപ്പെട്ട് രാഹുല്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയട്ടെയെന്നും, വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കേണ്ടെന്നും കോണ്‍ഗ്രസ് തിരിച്ചടിച്ചു.