നിസാമാബാദ്: തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ പ്രചാരണ സമയത്ത് നല്‍കിയ പണവും സാരികളും തിരികെ കൊടുക്കാന്‍ വോട്ടര്‍മാരോട് ആവശ്യപ്പെട്ട് സ്ഥാനാര്‍ത്ഥി. തെലങ്കാനയിലെ നിസാമാബാദില്‍ ഇന്ദര്‍വായി ഗ്രാമത്തില്‍ നടന്ന സഹകരണ തെരഞ്ഞെടുപ്പില്‍ തോറ്റതിനാണ് സ്ഥാനാര്‍ത്ഥി പാസം നര്‍സിംലൂ ജനങ്ങളോട് സമ്മാനങ്ങള്‍ തിരികെ ചോദിച്ചത്.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാസം നര്‍സിംലൂ പദയാത്ര സംഘടിപ്പിച്ചിരുന്നു. ഇന്ദല്‍വായി, ധര്‍പള്ളി, ദിച്ച് പള്ളി എന്നിവിടങ്ങളിലായിരുന്നു പദയാത്ര.  ഇതിലൂടെ വീടുകളിലെത്തി മുമ്പ് സ്വീകരിച്ച പണവും സമ്മാനങ്ങളും തിരികെ നല്‍കാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ചില ആളുകള്‍ സ്വീകരിച്ച പണത്തില്‍ കുറച്ച് തിരികെ നല്‍കി. പക്ഷേ മറ്റു ചിലര്‍ പണം തിരികെ നല്‍കാന്‍ തയ്യാറായില്ല. 

Read More: മലിനീകരണം തടയാന്‍ ഇലക്ട്രിക് വാഹനങ്ങള്‍; ഗതാഗത മന്ത്രി നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി

ഇന്ദല്‍വായി പ്രൈമറി അഗ്രിക്കള്‍ച്ചര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുന്‍ ചെയര്‍മാനായിരുന്ന നര്‍സിംലൂ ഇന്ദല്‍വായി മണ്ഡലത്തിലാണ് മത്സരിച്ചത്. 98 പേര് വോട്ട് ചെയ്തതില്‍ ആകെ ഏഴ് വോട്ട് മാത്രമാണ് നര്‍സിംലൂവിന് ലഭിച്ചത്. ബാക്കി 79 വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചു. മണ്ഡലത്തിലെ സ്ത്രീകള്‍ക്ക് സാരിയും മൂവായിരം രൂപയും പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും മദ്യവും പാനീയങ്ങളും നര്‍സിംലൂ പ്രചാരണ വേളയില്‍ നല്‍കിയിരുന്നു.