ദില്ലി: അതിർത്തിയിൽ ചൈനയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏത് പ്രകോപനത്തിനും ശക്തമായ തിരിച്ചടി നൽകാൻ സേനാ വിഭാഗങ്ങൾക്ക് നിർദ്ദേശം. ഇതിന് രാഷ്ട്രീയ തീരുമാനത്തിന് കാത്തിരിക്കേണ്ട കാര്യമില്ല. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. യോഗത്തിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കര-നാവിക-വ്യോമ സേനാ മേധാവികളും പങ്കെടുത്തു.

കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികളാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്നാഥ് സിങ് നാളെ റഷ്യയിലേക്ക് പോകും. മൂന്ന് ദിവസത്തേതാണ് അദ്ദേഹത്തിന്റെ റഷ്യൻ സന്ദർശനം. ഇതിന് മുന്നോടിയായാണ് യോഗം വിളിച്ച് പ്രധാന തീരുമാനങ്ങളെടുത്തത്.

കിഴക്കൻ ലഡാക്കിലെ അതിർത്തിയിലേക്ക് ചൈന കടന്നുകയറിയാൽ തിരിച്ചടി നൽകാനും അനുവാദം നൽകിയിട്ടുണ്ട്. ഇപ്പോൾ ലഡാക്കിലെ ചൈനീസ് അതിർത്തിയിൽ ഇന്ത്യ സ്വീകരിക്കുന്ന സുരക്ഷാ മുന്നൊരുക്കങ്ങൾ പൊളിച്ചെഴുതണമെന്നും കര-നാവിക-വ്യോമ സേനകൾക്ക് എല്ലാ മേഖലയിലും ജാഗ്രതാ നിർദ്ദേശം നൽകാനും യോഗത്തിൽ തീരുമാനമായി.