ദില്ലി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിൽ നിൽക്കുന്ന രാജ്യത്തെ ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിച്ച് സൈന്യം. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലും രാജ്യതലസ്ഥാനമായ രാജ്പഥിലും കര,നാവിക,വ്യോമസേനകൾ ആരോഗ്യപ്രവർത്തകരെ ആദരിച്ചു. രാജ്യത്തെ വിവിധ ആശുപത്രികൾക്ക് മുകളിൽ സൈന്യം പുഷ്പവൃഷ്ടി നടത്തി. പൊലീസ് സേനകളുടെ ആസ്ഥാനങ്ങളിലും വിവിധ നാവിക-വ്യോമ-കരസേന കമാൻഡുകളിലും ആദരിക്കൽ ചടങ്ങുകൾ നടന്നു. 

കൊവിഡിനെതിരായ മുൻനിര പോരാളികളായ ഡോക്ടർമാർ, നഴ്സുമാർ, മെഡിക്കൽ സ്റ്റാഫുകൾ, പൊലീസ് ഉദ്യോഗസ്ഥർ, മറ്റു ആരോഗ്യപ്രവർത്തകർ എന്നിവരെയാണ് സൈന്യം അപൂർവ്വങ്ങളിൽ അപൂർവ്വമായ ചടങ്ങിലൂടെ ആദരിച്ചത്. നേരത്തെ രാജ്യത്തെ ആരോഗ്യപ്രവർത്തകരെ ആദരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശ പ്രകാരം ബാൽക്കണിയിൽ വച്ചു കൈ കൊട്ടുകയും പാത്രം കൊണ്ട് അടിക്കുകയും ചെയ്തിരുന്നു. പിന്നീട് വീടുകൾക്ക് മുന്നിൽ വിളക്ക് കത്തിച്ചും ആരോഗ്യപ്രവർത്തകരെ ആദരിച്ചു. 

പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത്, സേനാമേധാവിമാർ എന്നിവർ ചേർന്നുള്ള യോഗത്തിനൊടുവിലാണ് സൈന്യം മുൻകൈയ്യെടുത്ത് രാജ്യത്തെ ആരോഗ്യപ്രവർത്തകരെ ആദരിക്കാൻ തീരുമാനിച്ചത്. 

ആദരിക്കൽ ചടങ്ങുകളുടെ ഭാഗമായി ശ്രീനഗർ മുതൽ തിരുവനന്തപുരം വരെയും അസം മുതൽ ഗുജറാത്ത് വരേയും രാജ്യത്തിന് നെടുകെയും കുറുകെയും വ്യോമസേന ഫ്ളൈ പാസ്റ്റ് നടത്തി.  വ്യോമസേനയുടെ യുദ്ധവിമാനങ്ങളും യാത്രവിമാനങ്ങളും പരിപാടിയിൽ പങ്കെടുത്തു. മുംബൈ, ജയ്പൂർ, അഹമ്മദാബാദ്, ഗുവാഹത്തി, പാറ്റ്ന ലക്നൌ എന്നീ നഗരങ്ങൾക്ക് മുകളിലും വ്യോമസേന വിമാനങ്ങൾ പറന്നു. 

രാജ്യത്തെ 23 നഗരങ്ങളിലെ കൊവിഡ് ആശുപത്രികൾക്ക് മുകളിൽ കര-നാവിക-വ്യോമസേന ഹെലികോപ്ടറുകൾ പുഷ്പവൃഷ്ടി നടത്തി.  ദില്ലി, ലെ, ചണ്ഡീഗഡ്, ഡെറാഡൂണ്, ജയ്പൂർ,ദിസ്പൂർ. ഷില്ലോംഗ് , ഇറ്റാനഗർ, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലെ കൊവിഡ് ആശുപത്രികളിൽ പുഷ്പവ്യഷ്ടി നടത്തി. പൊലീസ് സ്മാരകങ്ങളിലെത്തി വിവിധ സേനാമേധാവിമാർ പുഷ്പാർച്ചന നടത്തി. 

ദില്ലി രാജ്ഫഥിലും ദേശീയ പൊലീസ് മെമ്മോറിയലിലും വിവിധ സേനാവിഭാഗങ്ങളുടെ നേതൃത്വത്തിൽ വിപുലമായ ആദരിക്കൽ ചടങ്ങുകളാണ് നടത്തിയത്.