തമിഴ്‌നാട്ടിലെ തായ് മാമൻ തങ്കമോതിരം പദ്ധതി പ്രകാരമുള്ള സ്വർണ മോതിരം ലഭിക്കാൻ വൈകിയതിനെ തുടർന്ന് യുവാവ് നഴ്സിനെയും കുടുംബത്തെയും വെട്ടിപ്പരിക്കേൽപ്പിച്ചു. തഞ്ചാവൂർ സ്വദേശിയായ മദൻ ആണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സായ അലമേലുവിനെ ആക്രമിച്ചത്. സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം നൽകുന്നതാണ് ഈ പദ്ധതി.

ചെന്നൈ: തായ് മാമൻ തങ്കമോതിരം പദ്ധതി പ്രകാരമുള്ള മോതിരം വൈകിയെന്ന് ആരോപിച്ച് നഴ്സിനെയും കുടുംബത്തെയും വെട്ടിപരിക്കേൽപ്പിച്ച് യുവാവ്. തഞ്ചാവൂർ സ്വദേശി മദൻ ആണ്‌ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സായ അലമേലുവിനെയും രണ്ട് ബന്ധുക്കളെയും വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിച്ചത്.

സെപ്റ്റംബർ 16ന് മദൻ - വനിത ദമ്പതികൾക്ക് കുഞ്ഞ് ജനിച്ചിരുന്നു. വീട്ടിൽ ചടങ്ങ് ഉണ്ടെന്നും ഉടൻ മോതിരം വേണമെന്നും മദൻ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി ആവശ്യപ്പെട്ടു. എന്നാൽ മുൻഗണനാക്രമം അനുസരിച്ചു മാത്രമേ മോതിരം നൽകാനാകൂ എന്നും സെപ്റ്റംബർ ആദ്യ പകുതിയിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് ആണ് പ്രഥമ പരിഗണന എന്നും നഴ്‌സായ അലമേലു മറുപടി നൽകി. വൈകീട്ട് മദ്യപിച്ചതിന് ശേഷം നഴ്സിന്‍റെ വീട്ടിൽ എത്തിയ മദൻ നഴ്സിനെയും രണ്ട് ബന്ധുക്കളെയും ആക്രമിക്കുകയായിരുന്നു. മൂവരും ആശുപത്രിയിൽ ചികിത്സയിൽ ആണ്. മദനെതിരെ പൊലീസ് കേസെടുത്തു.

സ്വർണ മോതിരം സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക്

തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്കാണ് സ്വർണമോതിരം സമ്മാനമായി നൽകുന്നത്. മധുര രാജാജി സർക്കാർ ആശുപത്രിയിൽ നടന്ന ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് പദ്ധതി ഉദ്ഘാടനം ചെയ്തു. ജനങ്ങൾ പ്രസവത്തിനായി സർക്കാർ ആശുപത്രികളെ കൂടുതലായി ആശ്രയിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. മുഖ്യമന്ത്രിയുടെ ജന്മദിനമായ ജൂൺ 22 മുതൽ ജനിച്ച കുഞ്ഞുങ്ങൾക്ക് മുൻകാല പ്രാബല്യത്തോടെ സമ്മാനം നൽകും. വിജയ് കുഞ്ഞുങ്ങൾക്ക് നേരിട്ട് സ്വർണ മോതിരം അണിയിച്ചാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പ്രമുഖ മലയാളി വ്യവസായ ഗ്രൂപ്പുകളായ ജോയ് ആലുക്കാസ്, കല്യാൺ ജൂവലേഴ്സ് എന്നിവർ പങ്കാളികളായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ജൂൺ 22 മുതൽ പദ്ധതി ഉദ്ഘാടനം ചെയ്ത ദിവസം വരെ ജനിച്ച കുഞ്ഞുങ്ങൾക്ക് നിലവിൽ 107 കേന്ദ്രങ്ങളിലായാണ് സ്വർണ മോതിരം വിതരണം ചെയ്യുന്നത്. തിരക്ക് ഒഴിവാക്കാൻ പ്രത്യേക ക്രമീകരണങ്ങളാണ് വിതരണ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു ദിവസം രാവിലെ 25 പേർക്കും ഉച്ചയ്ക്ക് ശേഷം 25 പേർക്കുമായിരിക്കും മോതിരം വിതരണം ചെയ്യുക. വില്ലേജ് ഹെൽത്ത് നഴ്‌സുമാർ വഴിയാണ് ഗുണഭോക്താക്കൾക്ക് ക്ഷണക്കത്ത് നൽകുക. കത്തിൽ പറഞ്ഞിരിക്കുന്ന കൃത്യം സമയത്ത് മാത്രമേ ആളുകൾ കേന്ദ്രങ്ങളിൽ എത്താൻ പാടുള്ളൂ എന്ന് നിർദേശമുണ്ട്. പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ ഇ-കെവൈസി ചെയ്ത ആധാർ കാർഡും തിരിച്ചറിയൽ രേഖയോ മേൽവിലാസം തെളിയിക്കുന്ന രേഖയോ നിർബന്ധമാണ്. പദ്ധതി തുടങ്ങിയ ശേഷം ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് അവർ ജനിക്കുന്ന സർക്കാർ ആശുപത്രികളിൽ നിന്ന് തന്നെ സ്വർണ മോതിരം നൽകും.