ദില്ലി: ദില്ലിയിൽ അന്തരീക്ഷ മലിനീകരണതോതില്‍ ഇന്ന് നേരിയ കുറവ്.  മലിനീകരണതോത് അതിതീവ്ര അവസ്ഥയിൽ നിന്ന് മോശം അവസ്ഥയിലേക്ക് താഴ്ന്നു. കേന്ദ്രസർക്കാരിന്റെ വായുമലീനീകരണതോത് അളക്കുന്ന സഫർ ആപ്പ് പ്രകാരം 365 ആണ് നഗരത്തിലെ ശരാശരി വായുമലിനീകരണതോത്. അഞ്ച് ദിവസത്തിനിടെ ഉണ്ടായ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ ദിവസം ഇത് 500 ന് അടുത്തെത്തിയിരുന്നു. 

അതേസമയം ദില്ലിയുടെ സമീപപട്ടണമായ ഗാസിയാബാദിൽ മലിനീകരണതോത് ഉയർന്ന് തന്നെ തുടരുകയാണ്. നഗരത്തിൽ നടപ്പാക്കിയ ഒറ്റ ഇരട്ട അക്ക വാഹനനിയന്ത്രണ കാര്യത്തിൽ നാളെ സർക്കാ‍ർ തീരുമാനം എടുക്കും.  കാറ്റിന്‍റെ വേഗത കൂടുന്നതിനാൽ തോത് വരും ദിവസങ്ങളിൽ കുറയുമെന്നാണ് വിലയിരുത്തൽ.

വായുമലിനീകരണം നിയന്ത്രിക്കാനുള്ള നടപടി ചര്‍ച്ച ചെയ്യാനിരുന്ന പാര്‍ലമെന്‍ററി സ്റ്റാ‍ന്‍ഡിംഗ് കമ്മിറ്റിയോഗത്തിൽ ഗൗതം ഗംഭീർ എംപി പങ്കെടുക്കാത്തിൽ ദില്ലിയിൽ പ്രതിഷേധം വ്യാപകമാകുകയാണ്. ഗംഭീറിനെ കാണാനില്ലെന്ന് കാട്ടി നഗരത്തിൽ പോസ്റ്ററുകൾ പ്രതിക്ഷപ്പെട്ടു. ഗംഭീറിനെതിരെ പ്രതിഷേധം വ്യാപകമാക്കാനാണ് ആംആദ്മി പാർട്ടിയുടെ തീരുമാനം