ദില്ലി: അന്തരീക്ഷ മലിനീകരണം കൊണ്ട് ദില്ലിയിലെ ജനങ്ങൾ അതി​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് സുപ്രീം കോടതി. ഇക്കാര്യത്തിൽ എത്രയും വേ​ഗം പരിഹാര നടപടികൾ സ്വീകരിക്കണമെന്നും ന്യായവാദങ്ങൾ ഒന്നും കേൾക്കേണ്ടെന്നും കോടതി സർക്കാരിനെ വിമർശിച്ചു. ദില്ലിയിലെ വായു മലിനീകരണം പരിശോധിക്കവേ സുപ്രീം കോടതിയുടെേ പ്രത്യേക ബെഞ്ചാണ് ഇത്തരത്തിലൊരു പരാമർശം നടത്തിയത്.

എല്ലാ വർഷവും ദില്ലിയിൽ സമാനമായ പ്രശ്നം നടക്കുന്നുണ്ട്. വർഷം തോറും ദില്ലി ശ്വാസം മുട്ടുകയാണ്. എന്നാൽ ഇതിന് പരിഹാരമായി ആരും ഒന്നും ചെയ്യുന്നില്ല. തിങ്കളാഴ്ച രാവിലെ ദില്ലിയിലെ മലിനീകരണത്തോത് 437 ആയിരുന്നു. ഞായറാഴ്ച  നാല് മണിയോടെ അത് 494ലെത്തി. ദില്ലിയിലെ 46 ശതമാനം മലിനീകരണത്തിനും കാരണം പാടങ്ങളിലെ വൈക്കോൽ കത്തിക്കുന്നതാണ്. ജനങ്ങൾ ഇവിടെ ഒരിടത്തും സുരക്ഷിതരല്ലെന്നും സുപ്രീം കോടതി പറഞ്ഞു. 

ഒരു വികസിത രാജ്യത്ത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണിത്. മലിനീകരണം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഇത് ജനങ്ങളെ വളരെയധികം കഷ്ടത്തിലാക്കിയിരിക്കുകയാണ്. രാജ്യത്തെ ജനങ്ങളോട് ഉത്തരവാദിത്വമില്ലാത്ത മനോഭാവമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. ജനങ്ങൾക്ക് ജീവിക്കാനുള്ള അവകാശത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്നും അത് പാലിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.