ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കാൻ രണ്ട് ദിവസം ബാക്കി നിൽക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി ഇന്നും തുടരും. കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ഇന്ന് തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കുന്നുണ്ട്. വെസ്റ്റ് ദില്ലി മണ്ഡലത്തിലെ ദ്വാരക മേഖലയിലാണ് പ്രധാനമന്ത്രിയുടെ ഇന്നത്തെ തെരഞ്ഞെടുപ്പ് റാലി. 

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ രൂക്ഷമായ ഭാഷയിൽ കർക്കർഡൂമയിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി വിമർശിച്ചിരുന്നു. പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി നേതാക്കളും ഷഹീൻ ബാഗ് സമരത്തിനെതിരെ രംഗത്തുവന്നിരുന്നു. അതിനിടെ, സംഗം വിഹാർ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയിൽ രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്നുണ്ട്. ഷഹീൻ ബാഗ് അടക്കമുള്ള സമരങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ഉന്നയിച്ച വിമർശനങ്ങൾക്കെതിരെ സംഗം വീഹാറിലെ തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽഗാന്ധി മറുപടി നൽകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ഫെബ്രുവരി എട്ടിനാണ് ദില്ലിയിൽ തെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ 70 ൽ 67 സീറ്റിലും ജയിച്ച് ഭരണത്തിലേറിയ ആംആദ്മി സർക്കാർ തുടർച്ചയായ രണ്ടാമത്തെ തവണ ഭരണം നേടാനുള്ള ശ്രമത്തിലാണ്. 

Also Read: ദില്ലി തെരഞ്ഞെടുപ്പ്; 51 % ആം ആദ്മി സ്ഥാനാര്‍ത്ഥികളും ക്രിമിനല്‍ കേസിലെ പ്രതികള്‍, തൊട്ടു പിന്നില്‍ ബിജെപി