ദില്ലിയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടി വിട്ട എട്ട് എംഎൽഎമമാരും ബിജെപിയിൽ ചേര്‍ന്നു
ദില്ലി:ദില്ലിയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടി വിട്ട എട്ട് എംഎൽഎമമാരും ബിജെപിയിൽ ചേര്‍ന്നു. വരും ദിവസങ്ങളിൽ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണത്തിൽ സജീവമാകുമെന്ന് രാജിവെച്ച എംഎൽഎമാര്‍ വ്യക്തമാക്കി. ആം ആദ്മി പാര്‍ട്ടി വിട്ട എട്ട് എംഎൽഎമാരെയും ബിജെപി സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ചിദേവ ആണ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. എട്ടു പേര്‍ക്കും ബിജെപി അംഗത്വം നൽകി.
രാജിവെച്ച എംഎൽഎമാരായ നരേഷ് യാദവ് (മെഹ്‌റൗളി), രോഹിത് കുമാർ (ത്രിലോക്പുരി), രാജേഷ് ഋഷി (ജനക്‌പുരി), മദൻ ലാൽ (കസ്തൂർബാ നഗർ), പവൻ ശർമ (ആദർശ് നഗർ), ഭാവന ഗൗഡ് (പാലം), ഗിരീഷ് സോണി (മാദിപൂർ), ബിഎസ് ജൂൺ (ബിജ്വാസൻ) എന്നിവരാണ് ബിജെപിയിൽ ചേര്‍ന്നത്. സ്വന്തം മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾക്കായി ഇവർ പ്രവർത്തിക്കും. നേരത്തെ പാർട്ടി വിട്ട കൈലാഷ് ഗെലോട്ട് വഴിയാണ് അസംതൃപ്തരെ ബിജെപി സ്വന്തം പാളയത്തിലെത്തിച്ചത്.
സീറ്റ് നിഷേധിച്ച 8 എംഎൽഎമാരുടെ രാജി കെജ്‌രിവാളിനെയും സംഘത്തെയും ആശങ്കയിൽ ആക്കിയിരുന്നു. ഇതിനിടെയാണ് ഇവര്‍ ബിജെപിയിൽ ചേര്‍ന്നത്.ഇത്തവണ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ 20 സിറ്റിങ് എംഎൽഎമാർക്ക് ആം ആദ്മി പാർട്ടി സീറ്റ് നിഷേധിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് എട്ട് എംഎൽഎമാര്‍ രാജിവെച്ചത്. അതേസമയം, എംഎൽഎമാരുടെ കൊഴിഞ്ഞുപോക്ക് തിരിച്ചടിയാകില്ല എന്നാണ് ആം ആദ്മി പാർട്ടി വാദം. സ്ഥാനമോഹികൾ ആണ് പാർട്ടി വിട്ടതെന്ന് ആം ആദ്മി പാർട്ടി ആരോപിക്കുന്നത്.

