വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് തിവാരി സൈനിക വേഷത്തില്‍ റാലിക്കെത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. ദില്ലിയിൽവച്ച് നടക്കുന്ന ബിജെപിയുടെ വിജയ് സങ്കൽപ് ബൈക്ക് റാലി ഉദ്ഘാടനം ചെയ്യാൻ എത്തിയതാണ് അദ്ദേഹം.
ദില്ലി: സൈനിക വേഷത്തില്‍ പാര്‍ട്ടി റാലിയില്‍ പങ്കെടുത്ത ദില്ലി ബിജെപി എംപി മനോജ് തിവാരിക്കെതിരെ വ്യാപക പ്രതിഷേധം. വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് തിവാരി സൈനിക വേഷത്തില്‍ റാലിക്കെത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. ദില്ലിയിൽവച്ച് നടക്കുന്ന ബിജെപിയുടെ വിജയ് സങ്കൽപ് ബൈക്ക് റാലി ഉദ്ഘാടനം ചെയ്യാൻ എത്തിയതാണ് അദ്ദേഹം.
ഇന്ത്യന്‍ സൈന്യം ജീവന്‍ ത്യജിച്ച സംഭവത്തെ രാഷ്ട്രീയവത്കരിക്കുകയാണ് ബിജെപിയെന്ന് തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയന്‍ കുറ്റപ്പെടുത്തി. ‘നാണക്കേട്. ബിജെപി എംപിയും ബിജെപി അധ്യക്ഷനുമായ മനോജ് തിവാരി വോട്ടിന് വേണ്ടി സൈനിക വേഷം അണിഞ്ഞിരിക്കുകയാണ്. നമ്മുടെ സൈനികരെ മോദിയും അമിത് ഷായും ഉൾപ്പടെയുള്ള ബിജെപി നേതാക്കൾ രാഷ്ട്രീയവത്കരിക്കുകയും അപമാനിക്കുകയുമാണ്. എന്നിട്ട് അവർ രാജ്യസ്നേഹത്തെ കുറിച്ച് ക്ലാസ് എടുക്കുകയും ചെയ്യും', ഒബ്രിയന്‍ ട്വീറ്റ് ചെയ്തു.
തിവാരിക്കെതിരെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുളളയും രംഗത്തെത്തി. ‘പ്രതിപക്ഷം സൈനിക നടപടികള്‍ രാഷ്ട്രീയവത്കരിക്കുകയാണെന്ന് പറയുന്ന മോദിയും സംഘവും ചെയ്യുന്നത് എന്താണെന്ന് കാണൂ,’ ഒമര്‍ അബ്ദുളള ട്വീറ്റ് ചെയ്തു. സൈനിക വേഷം ധരിച്ച തിവാരിയുടെ ചിത്രമുൾപ്പടെയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
അതേസമയം പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തള്ളി തിവാരി രംഗത്തെത്തി. സൈന്യത്തോടുള്ള ബഹുമാന സൂചകമായാണ് സൈനിക വേഷം ധരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ സൈനികനല്ല. പക്ഷേ ഞാനെന്റെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് സൈനിക വേഷത്തിലെത്തിയതെന്നും തിവാരി വ്യക്തമാക്കി.
