ദില്ലി: കാറിലെ ഫസ്റ്റ് എയ്‌ഡ് ബോക്സിൽ കോണ്ടം സൂക്ഷിക്കാത്തതിന് പിഴയൊടുക്കേണ്ടി വന്നുവെന്ന് വാട്‌സ്ആപ്പിൽ പരന്ന വാർത്തയ്ക്ക് പിന്നാലെ പാഞ്ഞ് ദില്ലിയിലെ ടാക്സി ഡ്രൈവർമാർ. നിരവധി പേരാണ് ഈ വാർത്ത സത്യമാണെന്ന് കരുതി തങ്ങളുടെ കാറിലെ ഫസ്റ്റ് എയ്‌ഡ് കിറ്റിൽ കോണ്ടവും സൂക്ഷിക്കുന്നത്. എന്നാൽ വാട്‌സ്ആപ്പിൽ പരന്ന വ്യാജവാർത്തയ്‌ക്കൊപ്പം ഉള്ള ചിത്രം ഓവർസ്‌പീഡിന് ചുമത്തിയ പിഴയുടെ രസീതിയാണെന്നതാണ് വിചിത്രം.

ധർമ്മേന്ദ്ര എന്ന് പേരായ ടാക്സി ഡ്രൈവർക്ക് കോണ്ടം സൂക്ഷിക്കാതിരുന്നതിന് പിഴ ചുമത്തിയെന്നായിരുന്നു വാട്‌സ്ആപ്പിൽ പരന്ന വാർത്ത. ഇദ്ദേഹത്തിന്റെ പേരിൽ വന്ന സന്ദേശത്തിൽ താൻ ഫസ്റ്റ് എയ്‌ഡ് ബോക്സിൽ കോണ്ടം സൂക്ഷിച്ചില്ലെന്നും ഇതിന് ട്രാഫിക് പൊലീസ് പിഴ ചുമത്തിയെന്നുമാണ് ഉള്ളത്. ട്രാഫിക് പൊലീസ് നൽകിയ രസീതിയും ഇദ്ദേഹം സന്ദേശത്തിനൊപ്പം തെളിവായി അയച്ചു. 

ഇതോടെ പുതിയ മോട്ടോർ വാഹന നിയമ പ്രകാരം ഫസ്റ്റ് എയ്ഡ് കിറ്റിൽ കോണ്ടവും വേണമെന്ന് ദില്ലിയിലെ ഒരു വിഭാഗം ടാക്സി ഡ്രൈവർമാർ വിശ്വസിച്ചു. കിറ്റിൽ മൂന്ന് കോണ്ടമെങ്കിലും നിർബന്ധമായി സൂക്ഷിക്കുകയാണ് ഇവരിപ്പോൾ. എന്നാൽ കോണ്ടം സൂക്ഷിക്കാൻ ഇവർ ഉന്നയിക്കുന്ന കാരണമാണ് ഏറെ വിചിത്രമെന്ന് ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്യുന്നു. യാത്രക്കിടെ ആർക്കെങ്കിലും മുറിവ് പറ്റിയാൽ, ആ ഭാഗത്ത് കോണ്ടം ഉപയോഗിച്ച് കെട്ടിവച്ചാൽ രക്തം വാർന്ന് പോകുന്നത് തടയാനാകുമെന്നാണ് ഡ്രൈവർമാർ വിശ്വസിച്ചിരിക്കുന്നത്. 

മോട്ടോർ വെഹിക്കിൾ നിയമത്തിൽ ഇത്തരമൊരു നിബന്ധനയില്ല. മാത്രമല്ല, മുറിവുണ്ടായാൽ അവിടെ കോണ്ടം അല്ല കെട്ടിവയ്‌ക്കേണ്ടതും. ഏതെങ്കിലും ട്രാഫിക് ഉദ്യോഗസ്ഥൻ കോണ്ടം സൂക്ഷിക്കാത്തതിന് പിഴ ചുമത്തിയിട്ടുണ്ടെങ്കിൽ അയാൾക്കെതിരെ പരാതി നൽകണമെന്നാണ് ദില്ലി ട്രാഫിക് പൊലീസ് അറിയിച്ചിരിക്കുന്നത്. അതേസമയം ടാക്സി ഡ്രൈവർമാർക്കിടയിൽ സുരക്ഷിതമായ ലൈംഗിക ബന്ധത്തിന് വേണ്ടി കോണ്ടം ഉപയോഗിക്കാൻ എൻജിഒ സംഘടനകൾ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. ഇതാവാം കോണ്ടം സൂക്ഷിക്കാൻ കാരണമെന്നാണ് ദില്ലി പൊലീസ് പറയുന്നത്.