തീവ്ര ഹിന്ദു സംഘടനാ പ്രവർത്തകനായ സ്വതന്ത്ര ഭരദ്വാജിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യണമെന്നാണ് സിജെപിയുടെ ആവശ്യം. ഭരദ്വാജിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സിജെപി സംഘം വെള്ളിയാഴ്ച ഡൽഹിയിലെ പൊലീസ് സ്റ്റേഷനിൽ എത്തും. സമരത്തിൽ പങ്കെടുത്ത നിഷു ആസാദും ആക്രമണത്തിനിരയായ നിഷുവിന്റെ അച്ഛൻ സഞ്ജയും സിജെപി നേതാക്കൾക്കൊപ്പമുണ്ടാകും.

ന്യൂഡൽഹി: ജന്തർമന്തറിലെ സമരത്തിൽ പങ്കെടുത്ത പെൺകുട്ടിയുടെ അച്ഛനെ ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ചെന്ന തുറന്നുപറച്ചിലിൽ അറസ്റ്റ് ആവശ്യപ്പെട്ട് സിജെപി. തീവ്ര ഹിന്ദു സംഘടനാ പ്രവർത്തകനായ സ്വതന്ത്ര ഭരദ്വാജിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യണമെന്നാണ് സിജെപിയുടെ ആവശ്യം. ഭരദ്വാജിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സിജെപി സംഘം വെള്ളിയാഴ്ച ഡൽഹിയിലെ പൊലീസ് സ്റ്റേഷനിൽ എത്തും. സമരത്തിൽ പങ്കെടുത്ത നിഷു ആസാദും ആക്രമണത്തിനിരയായ നിഷുവിന്റെ അച്ഛൻ സഞ്ജയും സിജെപി നേതാക്കൾക്കൊപ്പമുണ്ടാകും. സിജെപി പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ന​ഗരത്തിലെ പ്രധാന ഇടങ്ങളിലെല്ലാം പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു.

അതിനിടെ, സംഭവത്തിൽ സിജെപി ആരോപണങ്ങളെല്ലാം തള്ളി ഡൽഹി പൊലീസ് രം​ഗത്തെത്തി. ജന്തർമന്തറിലെ സമരത്തിനിടെ ​ഗാസിയാബാദ് സ്വദേശിയായ സഞ്ജയ് കുമാറിനെ കൈവള കൊണ്ടാണ് ആക്രമിച്ചതെന്നും ഇദ്ദേഹത്തിന്റെ പരിക്ക് നിസ്സാരമായിരുന്നുവെന്നുമാണ് ഡൽഹി പൊലീസിന്റെ വിശദീകരണം. ആർഎംഎൽ ആശുപത്രിയിലെ ഡോക്ടർമാർ സഞ്ജയ് കുമാറിനെ പരിശോധിച്ചിരുന്നു. അദ്ദേഹത്തിന്റെ പരിക്ക് നിസ്സാരമായിരുന്നു. തലയോട്ടിക്ക് പൊട്ടലുണ്ടായെന്നത് തെറ്റായ പ്രചാരണമാണ്. ഇതിന് യാതൊരു മെഡിക്കൽ റിപ്പോർട്ടുകളുടെയും പിൻബലമില്ല. ഇത്തരം വാദങ്ങൾ അടിസ്ഥാനരഹിതമാണ്. സംഭവവുമായി ബന്ധപ്പെട്ട് സ്വതന്ത്ര ഭരദ്വാജ്(21) സുരാജ് കുമാർ(24) എന്നിവരെ സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. നിയമപ്രകാരം ഇവരെ നോട്ടീസ് നൽകി വിളിച്ചുവരുത്തി ചോദ്യംചെയ്തു. ബിഎൻഎസിലെ വിവിധ വകുപ്പുകൾ പ്രകാരം ഇവർക്കെതിരേ കേസെടുത്തു. കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിച്ചു. വിഷയത്തിൽ അനാവശ്യമായ ഇടപെടലുകളോ സമ്മർദമോ ഉണ്ടായിട്ടില്ലെന്നും ഇത്തരം വാദങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഡൽഹി പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.

അതേസമയം, ഡൽഹി പൊലീസിന്റെ വിശദീകരണം സിജെപി പൂർണമായും തള്ളി. സ്വതന്ത്ര ഭരദ്വാജിന്റെയും സംഘത്തിന്റെയും ആക്രമണത്തിൽ നിഷുവിന്റെ അച്ഛന് തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാൽ, ​ഗുരുതരവകുപ്പ് ചുമത്താൻ പൊലീസ് തയ്യാറായില്ല. ഇത് അറസ്റ്റ് ഒഴിവാക്കാനായിരുന്നുവെന്നും സിജെപി നേതാവ് സൗരവ് ദാസ് ആരോപിച്ചു. ഇക്കാര്യം ചോദ്യംചെയ്തപ്പോൾ കോടതി ഉത്തരവ് നേടിവരാനാണ് ഡൽഹി ഡിസിപി സതീശ് ശർമ, എസിപി അജയ് ശർമ എന്നിവർ പറഞ്ഞത്. കേസിൽ ബിജെപി മന്ത്രി കപിൽ മിശ്ര ഇടപെട്ടതിന് നടപടി വേണം. മന്ത്രി രാജിവെക്കണമെന്നും ബിജെപി നേതൃത്വം ഇതിനെയെല്ലാം പിന്തുണയ്ക്കുന്നുണ്ടോയെന്നും സൗരവ് ദാസ് ചോദിച്ചു.

തീവ്ര ഹിന്ദുസംഘടനാ നേതാവായ സ്വതന്ത്ര ഭരദ്വാജ് ഒരു വീഡിയോ അഭിമുഖത്തിലാണ് ജന്തർമന്തറിലെ സമരത്തിനിടെ സമരത്തിൽ പങ്കെടുത്ത പെൺകുട്ടിയുടെ അച്ഛനെ ആക്രമിച്ചതിനെക്കുറിച്ച് കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്. നിഷുവിന്റെ അച്ഛന്റെ തലയടിച്ച് പൊട്ടിച്ചുവെന്നും അദ്ദേഹത്തിന് മാരകമായി മുറിവേറ്റെന്നും ഏഴോളം സ്റ്റിച്ചുകളിടേണ്ടിവന്നെന്നും ബിജെപി മന്ത്രി കപിൽ മിശ്ര ഇടപെട്ടാണ് പൊലീസ് തങ്ങളെ വിട്ടയച്ചതെന്നുമായിരുന്നു ഇയാളുടെ വെളിപ്പെടുത്തൽ. ഇത് വിവാദമായതോടെ നിഷു ആസാദും സിജെപി നേതാക്കളും ഭരദ്വാജിനെതിരേ നടപടി ആവശ്യപ്പെട്ട് രം​ഗത്തെത്തി. കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും സംഭവത്തിൽ നിഷുവിനും അച്ഛനും പിന്തുണ അറിയിച്ചിരുന്നു.

Scroll to load tweet…