മുംബൈ ഭീകരാക്രമണ കേസ് സൂത്രധാരൻ തഹാവൂർ റാണയെ എട്ട് ദിവസത്തേക്ക് കൂടി എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടു

ദില്ലി: മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയുടെ കസ്റ്റഡി 12 ദിവസത്തേക്ക് കൂടി നീട്ടി കോടതി ഉത്തരവിട്ടു. 18 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിൽ എൻഐഎ ഇന്ന് റാണയെ കോടതിയിൽ ഹാജരാക്കിയിരുന്നു. എൻ ഐ എയുടെ അപേക്ഷ പ്രകാരമാണ് ദില്ലിയിലെ കോടതി കസ്റ്റഡി കാലാവധി നീട്ടിയത്.

എൻഐഎ കസ്റ്റഡിയിലുള്ള തഹാവൂർ റാണയിൽ നിന്ന് മുംബൈ ഭീകരാക്രണത്തെ സംബന്ധിച്ച് പരാമവധി വിവരങ്ങൾ ശേഖരിക്കുകയാണ് എൻഐഎ. റാണയുടെ സ്ഥാപനത്തിന്റെ പ്രതിനിധിയെന്ന നിലയിലാണ് ഡേവിഡ് ഹെഡ്‌ലി മുംബൈയിൽ എത്തിയത്. ആദ്യമായി മുംബൈയിൽ എത്തിയ ഇയാൾക്ക് റാണയുടെ നിർദ്ദേശ പ്രകാരം ബഷീർ ഷെയ്ക്ക് എന്ന വ്യക്തിയാണ് സൌകര്യങ്ങൾ ഏർപ്പാടാക്കിയത്. താമസിക്കാനുള്ള ഹോട്ടലും പുതിയ ഓഫീസ് സൗകര്യം കണ്ടെത്തി നൽകിയതും ഷെയ്ഖായിരുന്നു. റാണയുടെ നിർദ്ദേശ പ്രകാരമാണ് ഷെയ്ഖ്, ഹെഡ്‌ലിയെ സ്വീകരിച്ചതെന്നും ഏജൻസി വ്യക്തമാക്കുന്നു. 

എന്നാൽ റാണയുടെയും ഹെഡ്ലിയുടെയും പദ്ധതികൾ സംബന്ധിച്ച് ഷെയ്ക്കിന് വിവരമുണ്ടായിരുന്നോ എന്നതിൽ ഏജൻസി വ്യക്തത നൽകിയിട്ടില്ല. മുംബൈ ജോഗ്വേരി സ്വദേശിയായ ഷെയ്ഖ് ഇതുവരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ പട്ടികയിലില്ല. ഇയാൾ ഇന്ത്യ വിട്ടെന്നാണ് വിവരം. കൂടാതെ ഹെഡ്‌ലിയുടെ ഇന്ത്യയിലെ മറ്റു യാത്രകളിൽ എല്ലാം റാണ സഹായത്തിന് ആളുകളെ നിയോഗിച്ചിരുന്നു. 

കുടുംബത്തോട് സംസാരിക്കാൻ അനുവദിക്കണമെന്ന തഹാവൂർ റാണയുടെ അപേക്ഷ ദില്ലി പട്യാല ഹൗസ് കോടതി നേരത്തേ തള്ളിയിരുന്നു. നിർണ്ണായക വിവരങ്ങൾ പുറത്തുപോകാൻ സാധ്യതയുണ്ടെന്ന് റാണയുടെ ആവശ്യത്തെ എതിർത്ത എൻഐഎ കോടതിയിൽ വാദിച്ചത് കണക്കിലെടുത്താണ് കോടതി ആവശ്യം തള്ളിയത്. വിദേശ പൗരൻ എന്ന നിലയിൽ കുടുംബത്തോട് സംസാരിക്കണമെന്നത് മൗലികാവകാശം എന്നായിരുന്നു റാണയുടെ വാദം. തന്റെ ആരോഗ്യനിലയെ കുറിച്ച് കുടുംബാംഗങ്ങൾക്ക് ആശങ്കയുണ്ടെന്നും റാണ കോടതിയെ അറിയിച്ചിരുന്നു.