Asianet News MalayalamAsianet News Malayalam

നിര്‍ഭയ കേസില്‍ വധശിക്ഷ നാളെ തന്നെ; എല്ലാ പ്രതികളുടെയും ഹര്‍ജി തള്ളി

മരണവാറന്‍റ് സ്റ്റേ ചെയ്യാനാകില്ലെന്ന് ദില്ലി കോടതി വ്യക്തമാക്കിയതോടെ വധശിക്ഷ നാളെത്തന്നെ നടപ്പിലാകും. വധശിക്ഷ നടപ്പാക്കുന്നതിന് എതിരെ കുറ്റവാളികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി തള്ളുകയായിരുന്നു.

delhi court reject petitions of  Nirbhaya convict
Author
delhi, First Published Mar 19, 2020, 4:02 PM IST

ദില്ലി: നിര്‍ഭയ കേസില്‍ കുറ്റവാളികളെ നാളെ തന്നെ തൂക്കിലേറ്റും. മരണവാറന്‍റ് സ്റ്റേ ചെയ്യാനാകില്ലെന്ന് ദില്ലി കോടതി വ്യക്തമാക്കിയതോടെയാണിത്. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജികൾ ദില്ലി പട്യാല ഹൗസ് കോടതി തള്ളി. വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള മുകേഷ് സിംഗിന്‍റെയും അക്ഷയ് സിംഗ് ഠാക്കൂറിന്‍റെയും ഹര്‍ജികള്‍ കോടതി തള്ളുകയായിരുന്നു. പവന്‍ ഗുപ്‍ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജിയും സുപ്രീംകോടതി ഇന്ന് തള്ളിയിരുന്നു. 

വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മുകേഷ് സിംഗ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. സംഭവം നടക്കുമ്പോള്‍ ദില്ലിയില്‍ ഉണ്ടായിരുന്നില്ലെന്നാണ് മുകേഷ് സിംഗ് ഉയര്‍ത്തിയ വാദം. കൂട്ട ബലാത്സംഗം നടന്ന ഡിസംബർ പതിനാറിന് ദില്ലിയിൽ ഉണ്ടായിരുന്നില്ലെന്ന് മുകേഷ് സിംഗ് പറയുന്നത്. സംഭവം നടന്നതിന്‍റെ അടുത്ത ദിവസം രാജസ്ഥാനിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്നും നിരപരാധിയാണെന്നുമായിരുന്നു മുകേഷ് സിംഗിന്‍റെ വാദം. 

കുറ്റം ചെയ്യുമ്പോൾ പ്രായപൂർത്തിയായിട്ടില്ല എന്നും ശിക്ഷയിൽ ഇളവുകൾ ലഭിക്കണം എന്നുമായിരുന്നു പവന്‍ ഗുപ്‍തയുടെ ആവശ്യം. സുപ്രീംകോടതിയുടെ ആറംഗ ബഞ്ചാണ് തിരുത്തല്‍ ഹര്‍ജി തള്ളിയത്. ഈ ആവശ്യം ഉന്നയിച്ചുള്ള ഹർജി ജനുവരി 20നും പുനപരിശോധന ഹർജി ജനുവരി 31നും  സുപ്രീംകോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഈ വിധിക്കെതിരെ തിരുത്തല്‍ ഹര്‍ജിയുമായി പവന്‍ ഗുപ്‍ത സുപ്രീംകോടതിയെ വീണ്ടും സമീപിച്ചത്. 

കുറ്റവാളികളെ നാളെ പുലർച്ചെ അ‍ഞ്ചരയ്ക്ക് തൂക്കിലേറ്റാൻ തിഹാർ ജയിൽ സജ്ജമായിക്കഴിഞ്ഞു. ആരാച്ചാര്‍ പവൻ കുമാര്‍ ജയിലിൽ ഡമ്മി പരീക്ഷണവും പൂര്‍ത്തിയാക്കി. മൂന്ന് തവണയാണ് വധശിക്ഷ നടപ്പാക്കേണ്ട തീയ്യതി മാറ്റിവച്ചത്. തീഹാര്‍ ജയിലിൽ പ്രത്യേകം സെല്ലുകളിലാണ് നാല് കുറ്റവാളികളെയും പാര്‍പ്പിച്ചിരിക്കുന്നത്. സിസിടിവി ക്യാമറകളിലൂടെ മുഴുവൻ സമയവും ഇവരെ നിരീക്ഷിക്കുന്നുണ്ട്. 2012 ഡിസംബര്‍ 16നാണ് ദില്ലിയിൽ 23 കാരിയെ ഇവര്‍ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയത്. ഡിസംബര്‍ 26ന് ദില്ലി പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. ലോകത്തെ നടുക്കിയ ആ സംഭവത്തിലാണ് കുറ്റവാളികളെ നാളെ തൂക്കിലേറ്റുന്നത്.

Follow Us:
Download App:
  • android
  • ios