അഞ്ച് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ വിവാഹമോചനത്തിനെത്തിയ ശിഖയും സൗരഭും ഡൽഹി കോടതിയിൽ അപ്രതീക്ഷിതമായി ഒന്നിച്ചു. ഭാര്യാപിതാവിന്റെ അസുഖസമയത്ത് സൗരഭ് കാണിച്ച സ്നേഹം ശിഖയുടെ മനസ്സ് മാറ്റുകയും, അവർ കോടതിയിൽ വെച്ച് വിവാഹമോചന പേപ്പറുകൾ കീറിയെറിഞ്ഞ് പുനഃസമാഗമം ആഘോഷിക്കുകയുമായിരുന്നു.

ന്യൂഡൽഹി: അഞ്ച് വർഷമായി തുടർന്ന കോടതി വ്യവഹാരങ്ങൾക്കും കയ്പേറിയ അനുഭവങ്ങൾക്കും അന്ത്യം കുറിച്ച് ഡൽഹി കോടതിമുറിയിൽ ദമ്പതികളുടെ വൈകാരികമായ പുനഃസമാഗമം. ശിഖ, സൗരഭ് എന്നിവരാണ് കോടതിയെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒന്നിക്കാൻ തീരുമാനിച്ചത്. 2020-ൽ വിവാഹിതരായ ഇവർ തമ്മിൽ പിന്നീട് തർക്കങ്ങളും ആരോപണങ്ങളും ഉടലെടുക്കുകയും വേർപിരിയലിനായി കോടതിയെ സമീപിക്കുകയുമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വർഷങ്ങളോളം നീണ്ടുനിന്ന കേസ് നടപടികളും വാദപ്രതിവാദങ്ങളും ശിഖയുടെ കുടുംബത്തെ കടുത്ത സാമ്പത്തിക-മാനസിക പ്രതിസന്ധിയിലാക്കിയിരുന്നു. മകളുടെ ഭാവിെയക്കുറിച്ചുള്ള ആശങ്കകളും കോടതിച്ചെലവുകളും കാരണം ശിഖയുടെ പിതാവിന്റെ സമ്പാദ്യം ഭൂരിഭാഗവും തീർന്നിരുന്നു. ഇതിനിടയിൽ അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായി. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കുടുംബം അദ്ദേഹത്തെ ആദ്യം ഒരു സർക്കാർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

കടുത്ത നിയമപോരാട്ടം തുടരുന്നതിനിടയിലും ഭാര്യാപിതാവിന്റെ അവസ്ഥയറിഞ്ഞ സൗരഭ് സഹായവുമായി മുന്നോട്ടുവന്നു. അദ്ദേഹത്തെ ഗുരുഗ്രാമിലെ മികച്ച സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സൗരഭ് സഹായിക്കുകയും കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയതിനെ തുടർന്ന് അദ്ദേഹം സുഖം പ്രാപിക്കുകയും ചെയ്തു. കടുത്ത തർക്കങ്ങൾക്കിടയിലും സൗരഭ് കാണിച്ച ഈ കാരുണ്യം ശിഖയുടെ ചിന്തകളെ മാറ്റിമറിച്ചു. പിറ്റേന്ന് കേസ് പരിഗണിച്ചപ്പോൾ പതിവുപോലെ വക്കീലന്മാർ വാദപ്രതിവാദങ്ങൾ തുടർന്നു. എന്നാൽ ജഡ്ജി സൗരഭിനോട് ഇപ്പോഴും വിവാഹമോചനം വേണോ എന്ന് ചോദിച്ചപ്പോൾ, അദ്ദേഹം ശിഖയെ നോക്കി ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു.

ആ ഒരൊറ്റ നോട്ടത്തിൽ ശിഖയുടെ വർഷങ്ങൾ നീണ്ട ദേഷ്യവും പരിഭവങ്ങളും ഇല്ലാതാവുകയായിരുന്നു. വികാരാധീനയായ ശിഖ തന്റെ കൈവശമിരുന്ന വിവാഹമോചന പേപ്പറുകൾ കോടതിമുറിയിൽ വെച്ച് തന്നെ കീറിയെറിയുകയും ഭർത്താവിന്റെ അടുത്തേക്ക് ഓടിയെത്തി കെട്ടിപ്പിടിച്ച് കരയുകയും ചെയ്തു. വേർപിരിയലിനായി നിശ്ചയിച്ച ഒരു ദിവസം വലിയൊരു ഒത്തുചേരലിന് സാക്ഷ്യം വഹിച്ചതിന്റെ അത്ഭുതത്തിലായിരുന്നു കോടതിയിലുണ്ടായിരുന്നവർ.