ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ കനത്ത മഴയെ തുടർന്ന് മിന്നൽ പ്രളയം. രജൗരി ടൗണിൻ്റെ മിക്കയിടങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി. നൂറുകണക്കിനാളുകളെ ഒഴിപ്പിച്ചു. മഴക്കെടുതിയിൽ ഇതുവരെ നാലുപേർ മരണപ്പെട്ടു.

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപക നാശം. രാത്രിയിലുടനീളം പെയ്ത കനത്ത മഴയെ തുടർന്ന് ഉണ്ടായ മിന്നൽ പ്രളയത്തിൽ നദികൾ കരകവിയുകയും ടൗണിൻ്റെ മിക്കയിടങ്ങളും വെള്ളത്തിൽ മുങ്ങുകയും ചെയ്തു. മഴക്കെടുതിയിൽ ഇതുവരെ നാലുപേർ മരണപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലടക്കം വെള്ളം കയറിയതിനെ തുടർന്ന് നൂറുകണക്കിന് താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. പുതിയ ബസ് സ്റ്റാൻഡ് അടക്കം ടൗണിൻ്റെ മിക്കയിടങ്ങളിലും വെള്ളം കയറിയെന്നും നിരവധി വാഹനങ്ങൾ ഒലിച്ചുപോകുകയോ മുങ്ങിപ്പോകുകയോ ചെയ്തതായും അധികൃതർ അറിയിച്ചു.

പ്രളയത്തിൽ ഒറ്റപ്പെട്ട കുടുംബങ്ങളെ ജില്ലാ ഭരണകൂടത്തിൻ്റെ മേൽനോട്ടത്തിൽ ദുരിതാശ്വാസ പ്രവർത്തകർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിവരികയാണ്. മഴക്കെടുതിയെ തുടർന്നുള്ള നാശവും അധികൃതർ വിലയിരുത്തി വരികയാണ്. മിന്നൽ പ്രളയത്തെ തുടർന്ന് പൊതു, സ്വകാര്യ അടിസ്ഥാന സൗകര്യങ്ങൾക്ക് വ്യാപക നാശം സംഭവിച്ചതായി കോൺഗ്രസ് എംഎൽഎയായ ഇഫ്ത്ക്കാർ അഹമ്മദ് അറിയിച്ചു.

Scroll to load tweet…

പ്രളയത്തിൽ സർവതും നഷ്ടമായെന്നും ഒരു സ്ത്രീയെ കാണാതായെന്നും നാട്ടുകാരൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. വിവിധ നദികളിൽ ജലനിരപ്പ് അപകടനിലയേക്കാൾ മുകളിലാണെന്ന് അധികൃതർ അറിയിച്ചു. അബ്ദുള്ള പാലത്തിന് സമീപമുള്ള വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 50ലധികം കുടുംബങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ നിർബന്ധിതരായി. താരിഖ് പാലത്തിനു സമീപമുള്ള പ്രദേശത്തും വെള്ളം കയറിയതിനെ തുടർന്ന് പൊലീസ് ഇടപെട്ട് നാട്ടുകാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പ്രളയസാധ്യതാ മേഖലകളിൽ സന്ദർശനം നടത്തിയ പൊലീസ് നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു. മഴക്കെടുതി കണക്കിലെടുത്ത് ദില്ലിയിലെ പരിപാടികൾ റദ്ദാക്കി മുഖ്യമന്ത്രി ജമ്മുവിലേക്ക് തിരിച്ചു. ശനിയാഴ്ച വൈകുന്നേരം മുതൽ ആരംഭിച്ച ശക്തമായ മഴയെ തുടർന്നാണ് മേഖലയിൽ മിന്നൽ പ്രളയം ഉണ്ടായത്. ജമ്മു കശ്മീരിൽ ജൂലൈ 23 വരെ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.