ദില്ലി: കൊവിഡ് 19 രോ​ഗം ബാധിച്ച് ദില്ലിയിൽ ഡോക്ടറും ഭാര്യയും മരിച്ചു. ഡോക്ടർ റിപ്പോൺ മാലിക്കും ഭാര്യയുമാണ് മരിച്ചത്. ജഹാഗീർ പുരിയിൽ സ്വകാര്യ മെഡിക്കൽ ക്ലിനിക്ക് നടത്തുകയായിരുന്നു മരിച്ച ഡോ. മാലിക്. കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് ദില്ലി. ആരോ​ഗ്യമന്ത്രാലയം അവസാനം പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തിൽ 5532 പേർക്കാണ് ദില്ലിയിൽ കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടക്കാനെടുത്തത് 98 ദിവസമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മൂന്ന് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം അതിതീവ്രഘട്ടത്തിലേക്ക് കടന്നതായി ആരോഗ്യമന്ത്രാലയത്തിന്‍റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ രോഗബാധ നിരക്ക് 4.8 ശതമാനത്തില്‍ നിന്ന് 6.6 ശതമാനമായി ഉയർന്നു. 11 ദിവസത്തിനിടെ രോഗബാധിതരുടെ എണ്ണം ഇരട്ടിയായി. മഹാരാഷ്ട്ര, ദില്ലി, ഗുജറാത്ത് സംസ്ഥാനങ്ങളിലെ രോഗബാധ നിരക്കിലെ കുതിപ്പ് അതിതീവ്രഘട്ടത്തിലേക്ക് കടന്നതിന്‍റെ സൂചനയായി.

Also Read: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടക്കാനെടുത്തത് 98 ദിവസം