ദില്ലി:  ദില്ലിയില്‍ ഡ്രൈവര്‍ ആള്‍ക്കൂട്ടത്തിലേക്ക് വാഹനമിടിച്ച് കയറ്റി ഒരാള്‍ക്ക് പരിക്ക്. ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ ഇന്നാണ് പുറത്തുവിട്ടത്. കറുത്ത നിറമുള്ള സെഡാന്‍ ആണ് ആള്‍കള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. മുന്നിലേക്ക് കയറിയതിന് ശേഷം ഇതേ ആള്‍ക്കൂട്ടത്തിനിടയിലൂടെ തന്നെ ഇയാള്‍ വാഹനം പിന്നിലേക്കെടുക്കുകയും ചെയ്തു. ദില്ലിയിലെ തിരക്കേറിയ ഗുപ്ത കോളനിയിലാണ് സംഭവം നടന്നത്. 

കാര്‍ പിറകിലേക്കെടുക്കുമ്പോള്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട് ആളുകള്‍ വാഹനത്തിന് മേലിലൂടെ ചാടി മാറുന്നത് വീഡിയോയില്‍ കാണാം. ഒരു യുവാവാണ് വാഹനമോടിച്ചിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇയാള്‍ പ്രദേശത്തെ ഒരു സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു കൂട്ടം ആളുകള്‍ വാഹനം തടഞ്ഞുനിര്‍ത്തുകയും വളയുകയും ചെയ്തിരുന്നു. ഇയാളെ കാറില്‍ നിന്ന് പിടിച്ചിറക്കാന്‍ ആള്‍ക്കൂട്ടം ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ അമിത വേഗതയില്‍ വാഹനം ഓടിച്ചുപോകാന്‍ ശ്രമം നടത്തിയത്. 

അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നിലഗുരുതരമാണ്. വാഹനമോടിച്ചയാള്‍ക്കെതിരെ പൊലീസ് കേസെടത്തിട്ടുണ്ട്. എന്നാല്‍ ഇയാള്‍ ആരെന്ന് പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് വ്യക്തമാക്കി.