ദില്ലി: 'പാഞ്ച് സാൽ കെജ്‍രിവാൾ' (അഞ്ച് കൊല്ലം കെജ്‍രിവാൾ) - കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് രാജി വച്ച കെജ്‍രിവാളിനെ വീണ്ടും അധികാരത്തിലെത്തിക്കണമെന്നും, അഞ്ച് കൊല്ലം ഭരിക്കാൻ ജനവിധി തരണമെന്നുമായിരുന്നു അഞ്ച് വർഷം മുമ്പ് 2015-ൽ ആം ആദ്മി പാർട്ടിയുടെ മുദ്രാവാക്യം. എന്നാൽ അഞ്ച് വർഷത്തിനിപ്പുറം കളമറിഞ്ഞ് കളിക്കാൻ പഠിച്ച കെജ്‍രിവാളിന്‍റെ ആം ആദ്മി പാർട്ടിയുടെ ദില്ലി ഓഫീസിന് മുന്നിലിപ്പോഴുള്ള ബോർഡുകളിലുള്ള മുദ്രാവാക്യമിങ്ങനെ - ''ലഗേ രഹോ കെജ്‍രിവാൾ''. പ്രസിദ്ധമായ 'ലഗേ രഹോ മുന്നാഭായ്' സിനിമാപ്പേരിൽ നിന്ന് കടമെടുത്ത വാചകം. അർത്ഥം - 'നീണാൾ വാഴട്ടെ കെജ്‍രിവാൾ'.

ഏറ്റവുമൊടുവിലുള്ള കണക്കനുസരിച്ച് ആം ആദ്മി പാർട്ടി 56 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. ബിജെപി 14 സീറ്റുകളിലും. 53 ശതമാനത്തോളം വോട്ട് വിഹിതമെന്ന വൻ നേട്ടം ആം ആദ്മി പാർട്ടി നേടുമ്പോൾ 39 ശതമാനം വോട്ട് ബിജെപി പോക്കറ്റിലാക്കുന്നു. കോൺഗ്രസ് തകർന്നടിഞ്ഞു. അഞ്ച് ശതമാനം പോലുമില്ല. 

അപ്പോഴും രണ്ട് മണ്ഡലങ്ങളിലെ ഫലം ആം ആദ്മി പാർട്ടിക്ക് മുന്നിൽ കല്ല് കടിയായി നിൽക്കുന്നു. പട്‍പർഗഞ്ചിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കൽക്കാജിയിൽ അതിഷി മർലേനയും. 

ഏറ്റവുമൊടുവിലുള്ള കണക്കനുസരിച്ച് ആം ആദ്മി പാർട്ടി 58 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. ബിജെപി 12 സീറ്റുകളിലും.(12.52 വരെയുള്ള കണക്ക്) 53 ശതമാനത്തോളം വോട്ട് വിഹിതമെന്ന വൻ നേട്ടം ആം ആദ്മി പാർട്ടി നേടുമ്പോൾ 39 ശതമാനം വോട്ട് ബിജെപി പോക്കറ്റിലാക്കുന്നു. കോൺഗ്രസ് തകർന്നടിഞ്ഞു. അഞ്ച് ശതമാനം പോലുമില്ല. 

''ആശ കൈവിടരുത്. നല്ല നിലയിലാണ് നമ്മളുള്ളത്. 27 സീറ്റുകളിലെങ്കിലും ആം ആദ്മി പാർട്ടിയും ബിജെപിയും തമ്മിൽ 1000 വോട്ടിന്‍റെ വ്യത്യാസമേയുള്ളൂ. എന്തും സംഭവിക്കാം'', എന്ന് ദില്ലി ബിജെപി അധ്യക്ഷൻ മനോജ് തിവാരി ഇപ്പോഴും പറയുന്നു.

എന്നാൽ ബിജെപിയെ ബഹുദൂരം പിന്നിലാക്കുമ്പോഴും ആം ആദ്മി പാർട്ടിയെ ബുദ്ധിമുട്ടിലാക്കുന്ന, കുഴപ്പിക്കുന്ന ഒന്നുണ്ട്. ഒരിക്കൽ കയ്യിലിരുന്ന 10 സീറ്റുകളിൽ അവർ പിന്നിലാണ്. 

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അതിഷി മർലേനയും മന്ത്രി സത്യേന്ദർ ജയിനും പിന്നിലാകുമ്പോൾ, മുതിർന്ന നേതാക്കളുടെ തന്നെ വോട്ട് ചോർന്ന് പോയതെങ്ങനെ എന്ന് വിശദമായി അന്വേഷിക്കേണ്ടി വരും പാർട്ടിക്ക്. ബിജെപി കൃത്യമായി ധ്രുവീകരണം നടത്തിയ, മതവും ജാതിയും പറഞ്ഞ് വോട്ട് പിടിച്ച തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളുടെ വരെ വോട്ട് ചോർന്നിട്ടുണ്ടെന്നത് വ്യക്തമാണ്. 

എന്നാൽ ഇതിൽ വഴുതിവീഴാതെ, വിദ്യാഭ്യാസം, ആരോഗ്യം, കുറഞ്ഞ ചിലവിൽ വെള്ളവും വൈദ്യുതിയും നൽകിയ നടപടി എന്നിവയെല്ലാം ഉറപ്പാക്കിയ വികസന നയങ്ങൾ ചൂണ്ടിക്കാട്ടി കെജ്‍രിവാൾ നയിച്ച പ്രചാരണം തന്നെയാണ് ആം ആദ്മി പാർട്ടിയുടെ വിജയത്തിന് പിന്നിൽ. കെജ്‍രിവാളിനെ മലർത്തിയടിക്കാൻ ബിജെപി ഇറക്കിയത് 70 കേന്ദ്രമന്ത്രിമാരെയും 270 എംപിമാരെയും, പല മുഖ്യമന്ത്രിമാരെയുമാണെന്നോർക്കുമ്പോൾ പ്രത്യേകിച്ച്.