ദില്ലി: ശനിയാഴ്ചയാണ് ദില്ലി വിധിയെഴുതിയത്. പോളിംഗ് ശതമാനം 62.59 ശതമാനമായിരുന്നു. പക്ഷേ ഈ പോളിംഗ് ശതമാനം കണക്കുകൂട്ടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ എടുത്തത് ഇരുപത്തിനാല് മണിക്കൂറാണ്. തെരഞ്ഞെടുപ്പ് നടന്ന് പിറ്റേന്ന് മാത്രമാണ്, പോളിംഗ് ശതമാനം ദില്ലി തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തു വിടുന്നത്. 

ഇതിന്‍റെ പേരിൽ ചില്ലറ രാഷ്ട്രീയ വിവാദങ്ങളല്ല ദില്ലിയിലുണ്ടായത്. ബിജെപി ഓഫീസിൽ നിന്ന് പോളിംഗ് ശതമാനം അയച്ചുകിട്ടാൻ കാത്തിരിക്കുകയായിരുന്നോ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നാണ് കെജ്‍രിവാൾ ആഞ്ഞടിച്ചത്. രാത്രി മുഴുവൻ ആം ആദ്മി പ്രവർത്തകർ ഇവിഎം സ്ട്രോങ് റൂമുകൾക്ക് മുന്നിൽ ഊഴമിട്ട് കാവൽ നിന്നു. ആരും യന്ത്രം എടുത്തുകൊണ്ടുപോകാതിരിക്കാൻ. വോട്ടിംഗ് യന്ത്രത്തിൽ എന്തോ തിരിമറി നടന്നിട്ടുണ്ടെന്ന് ആം ആദ്മി ക്യാമ്പുകൾ വ്യാപകമായി പറഞ്ഞു കൊണ്ടേയിരുന്നു. 

എന്നാൽ, പോളിംഗ് ശതമാനം കൃത്യമല്ലേ എന്നുറപ്പിക്കാൻ എടുത്ത സമയമാണിതെന്നും, അതിൽ അസ്വാഭാവികതയൊന്നുമില്ലെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രതികരണം. 

എന്നാലിത് ആം ആദ്മി പാർട്ടി മുഖവിലയ്ക്ക് എടുത്തതേയില്ല. 70 വർഷത്തെ രാജ്യത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലിത് ആദ്യമായിട്ടാണ് പോളിംഗ് ശതമാനം പുറത്തുവിടാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ 24 മണിക്കൂർ എടുക്കുന്നതെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. 

ദില്ലി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഏറ്റവുമൊടുവിൽ പുറത്തുവിട്ട കണക്കിങ്ങനെയാണ്. ആകെ പോളിംഗ് ശതമാനം 62.59. ഇത് ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൾ 2 ശതമാനം കൂടുതലാണ്. 2015-ൽ ആം ആദ്മി പാർട്ടിക്ക് റെക്കോഡ് ഭൂരിപക്ഷം കിട്ടിയ 2015-നേക്കാൾ 5 ശതമാനം കുറവും. 

ആകെ 13,700 പോളിംഗ് സ്റ്റേഷനുകളാണ് ദില്ലിയിൽ ഉണ്ടായിരുന്നത്. ബല്ലിമാരാൻ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം രേഖപ്പെടുത്തിയത്. 71.6. ഏറ്റവും കുറവ് ദില്ലി കന്‍റോൺമെന്‍റ് മണ്ഡലത്തിലായിരുന്നു. 45.6 ശതമാനം മാത്രം. 

പൗരത്വ നിയമഭേദഗതിക്ക് എതിരെ വൻ പ്രക്ഷോഭങ്ങൾ നടന്ന ഷഹീൻ ബാഗും ജാമിയാ നഗറും അടങ്ങുന്ന ഓഖ്‍ല മണ്ഡലത്തിൽ 58.84 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പ്രക്ഷോഭങ്ങൾ അക്രമത്തിലേക്ക് വഴിമാറിയ സീലംപൂരിൽ പോളിംഗ് ശതമാനം 71.2 ശതമാനമായിരുന്നു.

ദില്ലിയിലെ പോളിംഗ് ശതമാനക്കണക്കുകൾ (1998 മുതൽ) ഒറ്റനോട്ടത്തിൽ ഇങ്ങനെ: