ബിജെപിയും സഖ്യകക്ഷികളും ചേർന്ന് 47.17 ശതമാനം വോട്ടും ആംആദ്മി പാർട്ടി 43.5 ശതമാനം വോട്ടും നേടി. 6.36 ശതമാനമാണ് കോൺഗ്രസിൻറെ വോട്ടു വിഹിതം.
ദില്ലി : 27 വർഷത്തെ ഇടവേളയ്ക്കു ശേഷം ദില്ലിയിൽ അധികാരം തിരികെ പിടിച്ച ബിജെപി നേടിയത് ആകെയുള്ള 70 സീറ്റിൽ 48 സീറ്റുകൾ. കഴിഞ്ഞ തവണ 62 സീറ്റുണ്ടായിരുന്ന ആംആദ്മി പാർട്ടി 22 സീറ്റിൽ ഒതുങ്ങി. കോൺഗ്രസിന് ഒറ്റ സീറ്റിൽ പോലും വിജയിക്കാനായില്ല. ബിജെപിയും സഖ്യകക്ഷികളും ചേർന്ന് 47.17 ശതമാനം വോട്ടും ആംആദ്മി പാർട്ടി 43.5 ശതമാനം വോട്ടും നേടി. 6.36 ശതമാനമാണ് കോൺഗ്രസിൻറെ വോട്ടു വിഹിതം.
അരവിന്ദ് കെജ്രിവാളിന്റെ തോൽവി ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയായി. രമേശ് ബിധുരി ഒഴികെ ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം വിജയിച്ചു. മുഖ്യമന്ത്രി അതിഷി ഉൾപ്പടെ അഞ്ച് വനിതകളാണ് നിയമസഭയിലെത്തിയത്. എൻഡിഎ സഖ്യകക്ഷികളായ ജെഡിയുവും ലോക്ജന ശക്തി പാർട്ടിയും ഓരോ സീറ്റുകളിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പട്ടികജാതി സംവരണ സീറ്റുകളിലാണ് ആംആദ്മി പാർട്ടി പിടിച്ചു നിന്നത്. ന്യൂനപക്ഷ സ്വാധീന മേഖലകളിൽ വിജയിച്ചെങ്കിലും എഎപിയുടെ വോട്ട് ഇവിടങ്ങളിൽ ഇടിഞ്ഞു. മത്സരിച്ച രണ്ടു സീറ്റുകളിലും മികച്ച പ്രകടനം നടത്താൻ അസദുദ്ദീൻ ഉവൈസിയുടെ എംഐഎമ്മിന് കഴിഞ്ഞു. ഇടതുപാർട്ടികൾക്ക് 500 വോട്ടിനപ്പുറം നേടാൻ മത്സരിച്ച ഒരു സീറ്റിലുമായില്ല. ദില്ലിയിൽ വികസനവും സദ്ഭരണവും വിജയിച്ചെന്നും ജനതയ്ക്കു മുന്നിൽ തലകുനിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.
ദില്ലിയിലെ എതാണ്ടെല്ലാ മേഖലയിലെയും സീറ്റുകൾ നേടി ആധികാരിക വിജയമാണ് ബിജെപി കുറിച്ചത്. ബിജെപിക്കും ആംആദ്മി പാർട്ടിക്കും ഇടയിലെ വോട്ടു വിഹിതത്തിൽ വലിയ വ്യത്യാസമില്ലെങ്കിലും കൂടുതൽ സീറ്റുകൾ നേടാൻ താഴേതട്ടിൽ നടത്തിയ നീക്കത്തിലൂടെ വിജയിച്ചു. അസാധ്യമെന്ന് തോന്നിയ വിജയമാണ് ദില്ലിയിൽ ബിജെപി കരസ്ഥമാക്കിയിരിക്കുന്നത്. 27 കൊല്ലത്തിന് ശേഷം ദില്ലിയിലെ എല്ലാ വിഭാഗങ്ങളിലും വേരുകളുണ്ടാക്കിയാണ് ബിജെപി അധികാരത്തിൽ വരുന്നത്. സെൻട്രൽ ഡൽഹിയിലെ ചാന്ദ്നി ചൗക്കിനോടു ചേർന്നു കിടക്കുന്ന സീറ്റുകളിലും തെക്കു കിഴക്കൻ ദില്ലിയിലെ ചില പോക്കറ്റുകളിലുമാണ് ആം ആദ്മി പാർട്ടി പിടിച്ചു നിന്നത്. മധ്യവർഗ്ഗം കൂടുതലുള്ള ഗ്രേറ്റർ കൈലാഷ്, ആർകെപുരം, മാളവിയ നഗർ തുടങ്ങിയ പല സീറ്റുകളും ആംആദ്മി പാർട്ടിയിൽ നിന്ന് ബിജെപി പിടിച്ചെടുത്തു. ദില്ലി അതിർത്തികളിലെ സീറ്റുകളും ബിജെപി തൂത്തുവാരി. ഹരിയാന ദില്ലി അതിർത്തിയിൽ രണ്ടൊഴികെ എല്ലാ സീറ്റുകളിലും വിജയിച്ചത് ബിജെപിയാണ്. ജാട്ട് വിഭാഗത്തിന് സ്വാധീനമുള്ള പത്തു സീറ്റുകളും ബിജെപി വിജയിച്ചത് കർഷകസമരകാലത്തെ പ്രതിസന്ധി മറികടക്കാൻ ബിജെപിക്കായെന്ന സൂചന നല്കുന്നു. ദില്ലി കലാപത്തിന് സാക്ഷ്യം വഹിച്ച ആറു സീററുകളിൽ മൂന്നെണ്ണത്തിൽ ബിജെപിക്ക് വിജയിക്കാനായി.
ചരിത്ര വിജയത്തിന് ദില്ലിക്ക് സല്യൂട്ട്; രാജ്യതലസ്ഥാനത്തിന് ഇനി സുസ്ഥിര വികസന കാലമെന്ന് പ്രധാനമന്ത്രി
ആംആദ്മി പാർട്ടിയിൽ നിന്നും രാജിവച്ച് ബിജെപിയിൽ ചേർന്ന മുൻമന്ത്രി കൈലാഷ് ഗലോട്ട് ബിജ്വാസൻ മണ്ഡലത്തിൽ വിജയിച്ചു. ദില്ലി കലാപത്തിൽ വിവാദനായകനായ കപിൽ മിശ്ര കരവാൽ നഗർ സീറ്റിൽ 23,000 വോട്ടുകളുടെ ഭൂരിപക്ഷം നേടി. ബിജെപിയിൽ നിന്ന് നാലു സ്ത്രീകൾ വിജയിച്ചു. ദില്ലി കലാപത്തിന് സാക്ഷ്യം വഹിച്ച ആറു സീറ്റുകളിൽ മൂന്നെണ്ണത്തിൽ ബിജെപിക്ക് വിജയിക്കാനായി. പർവ്വേശ് വർമ്മയ്ക്കൊപ്പം നിലവിലെ പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്ത, മുൻ സംസ്ഥാന അദ്ധ്യക്ഷൻ സതീഷ് ഉപാദ്ധ്യായ, മദൻലാൽ ഖുറാനയുടെ മകൻ ഹരീഷ് ഖുറാന, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ശിഖാ റായി, രേഖ ഗുപ്ത മഞ്ജീന്ദർ സിംഗ് സിർസ തുടങ്ങിയ പ്രമുഖ ബിജെപി നേതാക്കൾ വിജയം കണ്ടു. കൽക്കാജിയിൽ രമേശ് ബിധുരിയുടെയും മുൻ എഎപി മന്ത്രി രാജ്കുമാർ ആനന്ദിൻറെയും തോൽവി മാത്രമാണ് പാർട്ടിക്ക് തിരിച്ചടിയായത്. കെജ്രിവാളിനെ അട്ടിമറിച്ച പർവ്വേശ് വർമ്മയ്ക്കാണ് മുഖ്യമന്ത്രി സ്ഥാനത്തേത്തേക്ക് കൂടുതൽ സാധ്യത. വിജേന്ദർ ഗുപ്ത, ഒപി ശർമ്മ, മോഹൻസിംഗ് ബിഷ്ത്ത് തുടങ്ങിയവരുടെ പേരുകളും ഉയർന്നേക്കാം. സിഖ് വിഭാഗത്തിന് പരിഗണന നല്കാൻ തീരുമാനിച്ചാൽ മഞ്ജീന്ദർ സിംഗ് സിർസയ്ക്ക് സാധ്യതയേറും.
