ദില്ലിയിലെ പ്രമുഖ ഘടകക്ഷികളിലൊന്നായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ( അത്താവലെ ) യാണ് ബി ജെ പിക്ക് പുതിയ വെല്ലുവിളി ഉയർത്തിയിരിക്കുന്നത്
ദില്ലി: ദില്ലി നിയമസഭ തെരഞ്ഞെടുപ്പിൽ അധികാരം തിരികെപ്പിടിക്കാമെന്ന പ്രതീക്ഷയുമായി കളത്തിലിറങ്ങിയ ബി ജെ പിക്ക് പുതിയ പ്രതിസന്ധിയായി എൻ ഡി എ മുന്നണിയിൽ ഭിന്നത ശക്തമായി. ദില്ലിയിലെ പ്രമുഖ ഘടകക്ഷികളിലൊന്നായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ( അത്താവലെ ) യാണ് ബി ജെ പിക്ക് പുതിയ വെല്ലുവിളി ഉയർത്തിയിരിക്കുന്നത്. സീറ്റ് വിഭജന ചർച്ചകളിലെ തർക്കത്തെ തുടർന്ന് ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ആർ പി ഐയുടെ പ്രഖ്യാപനം. എൻ ഡി എ മുന്നണിക്കൊപ്പം മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ ആർ പി ഐ, ദില്ലിയിലെ 15 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു.
'ദില്ലിയിൽ കെജ്‍രിവാൾ തന്നെ മുഖ്യമന്ത്രി': ജനക്ഷേമ പദ്ധതികൾ വോട്ടാകുമെന്ന് എഎപി നേതാവ് സഞ്ജയ് സിങ്
അതേസമയം ആർ പി ഐയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ബി ജെ പി നേതൃത്വം തുടരാനാണ് സാധ്യത. ദില്ലി തെരഞ്ഞെടുപ്പിനായുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്ന് ബി ജെ പി നേതൃത്വംവ്യക്തമാക്കിയിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്നലെ ചേർന്നിരുന്നു. വിവാദങ്ങളിൽ ഉൾപ്പടാത്തവർക്കും, വനിതകൾക്കും പ്രാധാന്യം നൽകുമെന്നാണ് സൂചന. കൽക്കാജി മണ്ഡലത്തിലെ സ്ഥാനാർത്ഥി രമേഷ് ബിധുരിയുടെ വനിതാ നേതാക്കളെ സംബന്ധിച്ച പ്രസ്താവനകൾ വിവാദമായിരുന്നു. എന്തായാലും രണ്ടാം ഘട്ട സീറ്റ് പ്രഖ്യാപനത്തിന് ശേഷം ആർ പി ഐയുമായി ബി ജെ പി നേതൃത്വം അനുനയ ചർച്ചകൾ സജീവമാക്കിയേക്കും.
അതിനിടെ ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ എ എ പി ജയിച്ചാൽ അരവിന്ദ് കെജ്‍രിവാൾ തന്നെ മുഖ്യമന്ത്രിയാകുമെന്ന് വ്യക്തമാക്കി മുതിർന്ന നേതാവ് സഞ്ജയ് സിങടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. വോട്ടുകൾ അട്ടിമറിയ്ക്കാൻ ബി ജെ പി ശ്രമിക്കുകയാണെന്നും ബി ജെ പിയെ കാത്തിരിക്കുന്നത് കനത്ത പരാജയമാണെന്നും സഞ്ജയ് സിങ് എം പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ദില്ലിയിലെ ജനങ്ങൾ എ എ പിക്കും കെജ്‍രിവാളിനും വോട്ട് നൽകുമെന്ന ആത്മവിശ്വാസത്തിലാണ് എ എ പി. നിരവധി ക്ഷേമ പദ്ധതികൾ ജനങ്ങൾക്കായി നടപ്പാക്കി. മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച് കെജ്‍രിവാൾ മുഖ്യമന്ത്രിയാകും. വോട്ടിംഗ് അട്ടിമറിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കഴിഞ്ഞെന്നും ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സഞ്ജയ് സിങ് വിവരിച്ചു.
