ദില്ലി: റൊട്ടിയുണ്ടാക്കാൻ ഗോതമ്പ് മാവ് കിട്ടാനില്ല. പച്ചക്കറി വാങ്ങാൻ പോയാൽ എല്ലായിടത്തും തിരക്കോട് തിരക്ക്. സാനിറ്റൈസറും ഗ്ലൗസും മാസ്കും ആരും നൽകുന്നില്ലെന്നും ദില്ലിയിലെ താമസക്കാരുടെ പരാതി. റൊട്ടിയില്ലാതെ ഒരു ദിവസം പോലും തള്ളിനീക്കാൻ സാധിക്കാത്തവർക്ക് ഗോതമ്പ് മാവ് കിട്ടാനില്ലാത്തത് ചെറിയ പ്രതിസന്ധി അല്ല സൃഷ്ടിച്ചിരിക്കുന്നത്.

ദില്ലിയിൽ ഓൺലൈൻ മാർക്കറ്റിംഗ് കമ്പനികളെക്കൂടി അവശ്യസർവ്വീസുകളിൽ ഉൾപ്പെടുത്തി. മസാലകളും എവിടെയും കിട്ടാനില്ല. ഇന്ന് ഉച്ചയ്ക്ക് ശേഷം ഗോതമ്പ് മാവ് വിപണിയിൽ ലഭ്യമാകുമെന്ന വിലയിരുത്തലാണ്. ഇന്നലെ മാഗി നൂഡിൽസ് കഴിച്ചാണ് വിശപ്പ് അടക്കിയതെന്ന് ദില്ലിയിലെ താമസക്കാരിലൊരാൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തങ്ങളുടെ സുരക്ഷ ആരും നോക്കുന്നില്ലെന്നാണ് മറ്റൊരാളുടെ പരാതി. സാനിറ്റൈസറോ, ഗ്ളൗസോ മാസ്കോ നൽകുന്നില്ലെന്നും പരാതിയുണ്ട്. സര്‍ക്കാര്‍ വിപണന കേന്ദ്രമായ കേന്ദ്രീയ ഭണ്ഡാരിൽ ഇന്നലെ ഉച്ചയോടെ ഗോതമ്പ് മാവിന്‍റെ സ്റ്റോക് തീര്‍ന്നു.  റൊട്ടി കഴിക്കാതെ ഇനിയുള്ള ദിവസങ്ങൾ തള്ളിനീക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് ദില്ലി നിവാസികൾ.

ക്ഷാമം ഉണ്ടാകുമെന്ന ആശങ്കയിൽ പച്ചക്കറികൾ വാങ്ങാൻ ഒരേ സമയം ഒരുപാട് പേര്‍ എത്തുകയാണ്. ആവശ്യമുള്ളതിന്‍റെ ഇരട്ടി സാധനങ്ങളാണ് ആളുകൾ വാങ്ങുന്നത്. പലരും കാലി സഞ്ചിയുമായി മടങ്ങുന്നു. കേരളത്തിൽ മിൽമ പോലെ ദില്ലിയിൽ പാലുൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നത് മദര്‍ ഡയറിയാണ്. സോഷ്യൽ ഡിസ്റ്റൻസ് ഉറപ്പുവരുത്തിയാണ് പാൽ വിതരണം. പക്ഷെ, പാൽ വിതരണം ചെയ്യുന്നവരെ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നാണ് മറ്റൊരു പരാതി.

ഫ്ളിപ് കാര്‍ട്, ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈൻ മാര്‍ക്കറ്റിംഗ് കമ്പനികളെയും പിസ ഹട്ട്, സ്വിഗ്ഗി തുടങ്ങിയ ഭക്ഷണ വിതരണ ശംഖലകളെയും തടയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് മൂന്ന് ദിവസത്തിനകം ആവശ്യസാധനങ്ങൾ കിട്ടാത്ത പ്രശ്നങ്ങൾ തീരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.