ദില്ലി: രാജ്യത്ത് ഒരാള്‍ക്ക് കൂടി കൊറോണ കൊവിഡ് 19 (കൊറോണ വൈറസ് ബാധ) സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മുപ്പതായി. വൈറസ് ബാധയില്‍ രാജ്യത്ത് ആശങ്ക ശക്തിപ്പെടുന്നതിനിടെ ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഇന്ന് പാര്‍ലമെന്‍റില്‍ പ്രസ്‍താവന നടത്തി. കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ച ദില്ലിയില്‍ കൂടുതല്‍ ശക്തമായ രോഗപ്രതിരോധസംവിധാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ദില്ലി സര്‍ക്കാര്‍. 

ദേശീയ തലസ്ഥാനത്തെ എല്ലാ പ്രൈമറി സ്കൂളുകളും മാര്‍ച്ച് 31 വരെ അടച്ചിടാന്‍ ദില്ലി സര്‍ക്കാര്‍ ഉത്തരവിറക്കി. അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥകള്‍ക്കാണ് ഒരു മാസത്തേക്ക് അവധി നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ വച്ച് രോഗബാധ സ്ഥിരീകരിച്ച 15 ഇറ്റാലിയന്‍ പൗരന്‍മാരും നിലവില്‍ ദില്ലിയില്‍ തയ്യാറാക്കിയ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകളില്‍ തുടരുകയാണ്. രോഗബാധ സ്ഥിരീകരിച്ച മറ്റൊരു ഇറ്റാലിയന്‍ പൗരന്‍ ജയ്‍പൂരിലാണുള്ളത്. 

കൊവിഡ് 19 വ്യാപനത്തിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബയോമെട്രിക് പഞ്ചിംഗ് സംവിധാനം തല്‍കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ് ദില്ലി സര്‍ക്കാര്‍. വൈറസ് വ്യാപനത്തിന്‍റെ അടിസ്ഥാനത്തില്‍ കുര്‍ബാന സ്വീകരിക്കുന്നതിന് മാര്‍ഗ്ഗനിര്‍ദേശവുമായി സിറോ മലബാര്‍ സഭയുടെ ഫരീദാബാദ് രൂപതയും രംഗത്തു വന്നിട്ടുണ്ട്. കുര്‍ബാന കൈയില്‍ സ്വീകരിച്ചാല്‍ മതിയെന്നും കുര്‍ബാന മധ്യേ പരസ്‍പരം കൈ നല്‍കേണ്ടതില്ലെന്നും കൈകൂപ്പി വണങ്ങിയാല്‍ മാത്രം മതിയെന്നും രൂപത അറിയിച്ചു. 

വൈറസ് ബാധ തടയാന്‍ സാധ്യമായ എല്ലാ പ്രതിരോധ നടപടികളും ഇതിനടോകം സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി രാജ്യസഭയില്‍ നടത്തിയ പ്രസ്‍താവനയിലൂടെ അറിയിച്ചു. കോവിഡ് 19 വൈറസിനെതിരായ പോരാട്ടത്തില്‍ പുതിയ വെല്ലുവിളികള്‍ ഉയരുകയാണെന്നും വൈറസ് ബാധ സംശയിക്കുന്നവരെ പാര്‍പ്പിക്കാനായി ആഗ്രയില്‍ പുതിയൊരു സെന്‍റര്‍ ഇതിനോടകം തുടങ്ങിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.  നിലവില്‍ 28529 പേര്‍ കൊറോണ നിരീക്ഷണത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതിവേഗം വൈറസ് വ്യാപിക്കുന്ന ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ തീര്‍ത്ഥാടകരേയും വിദ്യാര്‍ത്ഥികളേയും നാട്ടില്‍ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഇക്കാര്യത്തില്‍ ഇറാന്‍ സര്‍ക്കാരുമായി നിരന്തരം സമ്പര്‍ക്കം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടു തന്നെ രോഗവ്യാപനം നിരീക്ഷിച്ചു വരികയാണ്. ഇതോടൊപ്പം കേന്ദ്രമന്ത്രിമാരുടെ പ്രത്യേക സമിതിയും രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ നിരന്തരം ഏകോപിപ്പിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. സംസ്ഥാനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. ചൈന, കൊറിയ തുടങ്ങി വൈറസ് വ്യാപിക്കുന്ന രാജ്യങ്ങളിലേക്ക് സഞ്ചരിക്കരുതെന്ന് ഇന്ത്യന്‍ പൗരന്‍മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ഷവര്‍ധന്‍ പറഞ്ഞു. 

ഇന്ത്യയില്‍ എത്തിയ വിനോദസഞ്ചാരത്തിന് എത്തിയ 15 ഇറ്റാലിയന്‍പൗരന്‍മാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് രാജ്യത്ത് ആശങ്ക ശക്തമായത്. ഇവരുമായി സഞ്ചരിച്ച വാഹനത്തിന്‍റെ ഡ്രൈവര്‍ക്കും ഇപ്പോള്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്തു നിന്നും ഇന്ത്യയിലേക്ക് വരുന്ന എല്ലാവരേയും വിമാനത്താവളങ്ങളില്‍ വിശദമായ പരിശോധനയ്കക്ക് വിധേയമാക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ അറിയിച്ചിരുന്നു. ഇറ്റലി, ഇറാന്‍, സൗത്ത് കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്‍മാരെ നിലവില്‍ ഇന്ത്യ വിലക്കിയിട്ടുണ്ട്.