ദില്ലി: ബാലികയെ വീട്ടു ജോലിക്ക് നിർത്തിയെന്ന കുറ്റത്തിന് പ്രതികളായ ദമ്പതികൾ നൂറ് മരത്തൈകൾ നടണമെന്ന് ദില്ലി ഹൈക്കോടതി. കൂടാതെ 1.5 ലക്ഷം രൂപ പിഴയും ഇവർ അടയ്‍ക്കണം. കുറ്റകൃത്യത്തിന് കൂട്ടുനിന്ന ഏജന്‍റുമാരായ രണ്ടു പേരോട് ഇവർ നടുന്ന മരത്തൈകൾ പരിപാലിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

ചെയ്‍ത തെറ്റിന് പകരമായി സാമൂഹിക സേവനം നടത്താമെന്ന പ്രതികളുടെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി. ഏജന്‍റുമാര്‍ക്ക് 10,000 രൂപ പിഴ അടയ്ക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഈ പണം ബാലികയ്ക്ക് നല്‍കണമെന്ന് കോടതി പറഞ്ഞു. 

പ്രതികൾ മരത്തൈകൾ നടുന്നുണ്ടോ പരിപാലിക്കുന്നുണ്ടോ തുടങ്ങിയവ പരിശോധിക്കുന്നതിനായി ദില്ലി ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്ററെ കോടതി നിയോ​ഗിച്ചിട്ടുണ്ട്. പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഇവര്‍ തൈകള്‍ നടണമെന്നാണ് ഉത്തരവ്. മൂന്നര വര്‍ഷം പ്രായമുള്ള ആറ് അടിയെങ്കിലും ഉയരമുള്ള തൈകളാണ് നടേണ്ടത്.