ദില്ലി: ജെഎൻയു ആക്രമണത്തിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായി ദില്ലി ഹൈക്കോടതി ടെക് കമ്പനികൾക്ക് നോട്ടീസ് അയച്ചു. വാട്സാപ്പ്, ഫേസ്ബുക്ക്, ഗൂഗിൾ ആപ്പിൾ എന്നീ കമ്പനികൾക്കാണ് ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചത്. സിസിടിവി ഫൂട്ടേജ്, ടെക്സ്റ്റ്, വീഡിയോ സന്ദേശങ്ങൾ എന്നിവ വീണ്ടെടുക്കാനാണ് ടെക് കമ്പനികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. 

അമീത് പരമേശ്വരൻ, ശുക്ല സാവന്ത്, അതുൽ സൂദ് എന്നീ മൂന്ന് ജെഎൻയു പ്രഫസർമാർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നോട്ടീസ്. യൂണിറ്റി എഗെയ്ൻസ്റ്റ് ലെഫ്റ്റ്, ഫ്രണ്ട്സ് ഓഫ് ആർഎസ്എസ് എന്നീ വാട്സാപ്പ് ഗ്രൂപ്പുകളിലെ വിവരങ്ങൾ വീണ്ടെടുത്ത് പരിശോധിക്കണമെന്ന ആവശ്യമനുസരിച്ചാണ് ഹൈക്കോടതി നിർദ്ദേശം. ജെഎൻയുവിൽ അതിക്രമം നടന്ന രാത്രിയിൽ കൈമാറ്റം ചെയ്യപ്പെട്ട ചിത്രങ്ങൾ, മെസേജുകൾ, വീഡിയോകൾ എന്നിവ പരിശോധിക്കണമെന്നാണ് ആവശ്യം. 

ജനുവരി അഞ്ചിന് രാത്രിയാണ് മുഖം മൂടി ധരിച്ച ഒരു കൂട്ടം ആക്രമികൾ ജെഎൻയു ക്യാമ്പസിനകത്ത് ആക്രമം അഴിച്ച് വിട്ടത്.  മൂന്ന് ഹോസ്റ്റലുകളും അഡ്മിനിട്ട്രേറ്റീവും ബ്ലോക്കും ആക്രമിക്കപ്പെട്ടു. വിദ്യാർത്ഥികൾക്ക് നേരേ ക്രൂരമായ മർദ്ദനമുണ്ടായി. ജെഎൻയു സ്റ്റുഡന്‍റ്സ് യൂണിയൻ അധ്യക്ഷ ഐഷി ഘോഷിന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. 

ഫ്രണ്ട്സ് ഓഫ് ആർഎസ്എസ്, യൂണിറ്റി എഗെയ്ന്‍സ്റ്റ് ലെഫ്റ്റ് എന്നീ വാട്സാപ് ഗ്രൂപ്പുകളാണ് ആക്രമങ്ങൾ ആസൂത്രണം ചെയ്യാൻ ഉപയോഗിക്കപ്പെട്ടതെന്നാണ് പരാതിക്കാരുടെ വാദം. ഈ ചാറ്റ് വിശദാംശങ്ങൾ വീണ്ടെടുക്കണമെന്നാവശ്യപ്പെട്ട് ദില്ലി പൊലീസ് കമ്മീഷണർക്ക് പലവട്ടം പെറ്റീഷൻ നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹർജിക്കാർ പരാതിപ്പെടുന്നു. 

വാട്സാപ്പിന്‍റെ പ്രൈവസി പോളിസി അനുസരിച്ച് സ്വകാര്യ സംഭാഷണങ്ങൾ നിയമ ആവശ്യങ്ങൾക്കായ സൂക്ഷിക്കുവാൻ പ്രത്യേക അപേക്ഷയോ നിർദ്ദേശമോ ഏതെങ്കിലും ലഭിക്കാതെ ഇവ സൂക്ഷിച്ച് വയ്ക്കാറോ കൈമാറാറോ ഇല്ല. സിസിടിവി ഫൂട്ടേജ് വീണ്ടെടുക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. സെർവർ തകരാറായതിനാൽ ആക്രമസമയത്തെ സിസിടിവി ഫൂട്ടേജ് ലഭ്യമല്ലെന്നായിരുന്നു നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 

ഇതിനിടെ ആക്രമണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യൽ തുടങ്ങിയിട്ടുണ്ട്. അന്വേഷണ സംഘം ക്യാമ്പസിൽ എത്തിയാണ്   യൂണിയൻ അധ്യക്ഷ ഐഷി ഘോഷ് അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നത്. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടെ  ഒമ്പത് പേർക്ക് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു. 

ആദ്യം ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തണമെന്ന് നിർദ്ദേശം നൽകിയെങ്കിലും അന്വേഷണ സംഘം കാമ്പസിൽ എന്നുന്നതിൽ ചോദ്യം ചെയ്യൽ ഇവിടേക്ക് മാറ്റുകയായിരുന്നു. 5 പേർ അടങ്ങുന്ന സംഘമാണ് ക്യാമ്പസിൽ എത്തിയത്. കേസിൽ സാക്ഷികളായ നാല് അധ്യാപകരുടെ മൊഴി സംഘം രേഖപ്പെടുത്തി. ഐഷി ഘോഷിനെ ഉച്ചയ്യ്ക്ക് ശേഷമാകും സംഘം ചോദ്യം ചെയ്യുക. അതെ സമയം .കേസിൽ ഇതുവരെ 49 പേർക്ക് അന്വേഷണ സംഘം നോട്ടീസ് അയച്ചു. സുരക്ഷ ജീവനക്കാരിൽ നിന്നും സംഘം വിവരങ്ങൾ ശേഖരിക്കും. ചോദ്യം ചെയ്യൽ കണക്കിലെടുത്ത ക്യാമ്പസിനുള്ളിലും ചുറ്റും പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

കോൺഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ ഇന്ന് ക്യാമ്പസിൽ സന്ദർശനം നടത്തും.