ദില്ലി: കൊവിഡ് പശ്ചാത്തലത്തില്‍ ദില്ലി ഹൈക്കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തി. ജൂണ്‍ 30 വരെയാണ് പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പരിഗണിക്കും. ജൂണ്‍ 16 ന് ദില്ലി ദുരന്ത നിവാരണ അതോറിറ്റി യോഗം ചേരും. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ദില്ലിയിലെ സ്ഥിതിഗതികള്‍ യോഗം വിലയിരുത്തും.

അതേസമയം ദില്ലിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നാളെ  ഉന്നത തല യോഗം വിളിച്ചു. 36,000 ത്തില്‍ പരം രോഗബാധിതരാണ് ദില്ലിയിലുള്ളത്. മരണ സംഖ്യ 1500 ഓട് അടുത്തു. സാഹചര്യം ഇത്രത്തോളം വഷളായിട്ടും അനങ്ങാതിരുന്ന  കേന്ദ്രം സുപ്രീംകോടതി വടിയെടുത്തതിന് പിന്നാലെ നേരിട്ട് ഇടപെടുകയാണ്. ലഫ്. ഗവര്‍ണ്ണര്‍  ഇടപെട്ട് ഉന്നതാധികാര സമിതിയെ നിയോഗിച്ചതും ഈ നീക്കത്തിന്‍റെ ആദ്യ പടിയായിരുന്നു.

ദില്ലിയിലെ സ്ഥിതി വഷളാകുന്നതില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നേരത്തെ  അമിത് ഷായെ നേരില്‍ കണ്ട് ആശങ്ക അറിയിച്ചിരുന്നെങ്കിലും കേന്ദ്രം പ്രതികരിച്ചിരുന്നില്ല. തബ്ലീഗ് ജമാ അത്ത് സമ്മേളനത്തിന് പിന്നാലെ മുതല്‍ വഷളായി തുടങ്ങിയ ദില്ലിയിലെ സാഹചര്യം ആശുപത്രികള്‍ നിറയുന്ന ഘട്ടം വരെ എത്തിയപ്പോഴും കേന്ദ്രം മൗനം തുടര്‍ന്നു. സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയുള്ള ഇടപെടലിന് രാഷ്ട്രീയ ലക്ഷ്യവുമുണ്ട്. നാളെ പതിനൊന്ന് മണിക്ക്  അമിത് ഷാ വിളിച്ച യോഗത്തില്‍ അരവിന്ദ് കെജ്രിവാള്‍, ലഫ്. വര്‍ണണര്‍, കേന്ദ്ര ആരോഗ്യമന്ത്രി, എയിംസ് ഡയറക്ടര്‍  എന്നിവര്‍ പങ്കെടുക്കും.