ദില്ലി: ദില്ലിയില്‍ പെട്രോളിനും ഡീസലിനും മേലുള്ള മൂല്യവര്‍ധിത നികുതി കുത്തനെ കൂട്ടി ദില്ലി സര്‍ക്കാര്‍. ഇതോടെ ഒരു ലിറ്റര്‍ ഡീസലിന് 7.1 രൂപയും, ഒരു ലിറ്റര്‍ പെട്രോളിന് 1.67 രൂപയും വര്‍ദ്ധിച്ചു.  നിലവില്‍ പെട്രോളിന് ഉണ്ടായിരുന്ന 27 ശതമാനം മൂല്യവര്‍ധിത നികുതി 30 ശതമാനമായാണ് ദില്ലി സര്‍ക്കാര്‍ കൂട്ടിയത്.

ഇതിനൊപ്പം  ഡീസലിന്‍റെ മൂല്യവര്‍ധിത നികുതിയും 30 ശതമാനം ഉയര്‍ത്തി. നേരത്തെ ദില്ലി സംസ്ഥാനത്ത് ഡീസലിന്‍റെ വാറ്റ് നിരക്ക് 16.75 ശതമാനമായിരുന്നു. ഇതാണ് ഏതാണ്ട് ഇരട്ടിയോളം വര്‍ദ്ധിപ്പിച്ചത്.

ലോക്ക് ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ വരുമാനം കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വരുമാനം ലക്ഷ്യം വച്ചാണ് പുതിയ നിരക്ക് വര്‍ദ്ധനവ്. ഇതിന് പുറമേ തിങ്കളാഴ്ച ആരംഭിച്ച മദ്യവില്‍പ്പനയില്‍ 70 ശതമാനം പ്രത്യേക കൊറോണ സ്പെഷ്യല്‍ ഫീ കൂടി ഈടാക്കാന്‍ ദില്ലി സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.