മേയർ തിരഞ്ഞെടുപ്പിനുള്ള തിയതി 24 മണിക്കൂറിനുള്ളിൽ നിശ്ചയിക്കണമെന്നും കോടതി നിർദേശിച്ചു

ദില്ലി: ദില്ലി മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ കോടതിയിൽ ബി ജെ പിക്ക് തിരിച്ചടി. മേയർ തെരഞ്ഞെടുപ്പിൽ നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് വോട്ട് അനുവദിക്കണമെന്ന ബി ജെ പി ആവശ്യം കോടതി തള്ളി. മേയർ തെരഞ്ഞെടുപ്പിൽ നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് വോട്ട് ചെയ്യാൻ അനുമതിയില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ ദില്ലി ലഫ്. ഗവർണർ നാമനിർദ്ദേശം ചെയ്ത 10 പേർക്കും വോട്ടവകാശം ഉണ്ടാകില്ലെന്ന് വ്യക്തമായി. മേയർ തിരഞ്ഞെടുപ്പിനുള്ള തിയതി 24 മണിക്കൂറിനുള്ളിൽ നിശ്ചയിക്കണമെന്നും കോടതി നിർദേശിച്ചു. ആദ്യ യോഗത്തിൽ മേയർ തെരഞ്ഞെടുപ്പ് നടത്തണമെന്നും രണ്ടാമത്തെ യോഗത്തിൽ മേയർ വരണാധികാരിയാകണമെന്നും കോടതി വ്യക്തമാക്കുകയും ചെയ്തു. കോടതി ഇടപെടൽ ഉണ്ടായതോടെ ദില്ലി മേയർ തിരഞ്ഞെടുപ്പ് വൈകാതെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.

ഇന്നേക്ക് രണ്ടാം മാസം, ദിവസം പോലും പറഞ്ഞ് റോയിട്ടേഴ്സ്; ഇന്ത്യ ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുളള രാജ്യമാകും!

ദില്ലി കോ‍ർപ്പറേഷൻ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ തുടങ്ങിയ ബി ജെ പി - എ എ പി തർക്കമാണ് ഇന്ന് കോടതിയിൽ ഏറക്കുറെ പരിഹാരത്തിലേക്ക് എത്തുന്നത്. ദില്ലിയിൽ എം സി ഡി മേയർ തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തർക്കം പലതവണയും രൂക്ഷമാകുന്നത് രാജ്യം കണ്ടിരുന്നു. ലഫ് ഗവർണറുടെ വസതിക്ക് മുമ്പിൽ എ എ പി പ്രവർത്തകർ പ്രതിഷേധിക്കുന്നതടക്കമുള്ള സാഹചര്യങ്ങളും ഉണ്ടായി. ലഫ്. ഗവർണർ വിനയ് കുമാർ സാക്സെന ചട്ടങ്ങൾ മറികടന്ന് ജനവിധി അട്ടിമറിക്കുന്നുവെന്നാരോപിച്ചായിരുന്നു എ എ പി പ്രവർത്തകർ ലഫ് ഗവർണറുടെ വസതിയിലേക്ക് നേരത്തെ പ്രതിഷേധ മാർച്ച് നടത്തിയത്. അന്ന് അതിഷി മർലേന ഉൾപ്പടെ മുതിർന്ന നേതാക്കൾ നയിച്ച മാർച്ച് പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞിരുന്നു. ആം ആദ്മി പാർട്ടി ഗുണ്ടായിസം കാണിക്കുന്നുവെന്നാരോപിച്ച് ബി ജെ പി പ്രവർത്തകരും രാജ്ഘട്ടിന് മുന്നിൽ പ്രതിഷേധ ധർണ നടത്തിയിരുന്നു.