തലസ്ഥാനത്ത് സുരക്ഷാ ഏജൻസികളുടെ നിർദ്ദേശപ്രകാരം ദില്ലി മെട്രോയുടെ നിയന്ത്രണങ്ങൾ കൂടുതൽ സമയത്തേക്ക് നീട്ടി

ഡൽഹി: തലസ്ഥാനത്ത് സുരക്ഷാ ഏജൻസികളുടെ നിർദ്ദേശപ്രകാരം ദില്ലി മെട്രോയുടെ നിയന്ത്രണങ്ങൾ കൂടുതൽ സമയത്തേക്ക് നീട്ടി. സുരക്ഷാ കാരണങ്ങളാൽ പ്രധാനപ്പെട്ട 45 മെട്രോ സ്റ്റേഷനുകൾ ഇന്ന് രാത്രി 10 മണി വരെ അടച്ചിടുമെന്ന് ദില്ലി മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. വിവിധ ഇടങ്ങളിൽ പ്രഖ്യാപിച്ച പ്രതിഷേധങ്ങളും ക്രമസമാധാന സാഹചര്യങ്ങളും കണക്കിലെടുത്താണ് ദില്ലി പോലീസിന്‍റെ നിർദേശപ്രകാരം ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

45 സ്റ്റേഷനുകളിൽ പ്രവേശനവും പുറത്തേക്കുള്ള വഴികളും അടച്ചിട്ടിരിക്കുകയാണ്. ഡൽഹി മെട്രോ സ്റ്റേഷൻ ഒഴികെയുള്ള മറ്റ് പ്രധാന സ്റ്റേഷനുകളിൽ ലൈൻ മാറി യാത്ര ചെയ്യാനുള്ള സൗകര്യം ലഭ്യമായിരിക്കും. രാത്രി 10 മണിക്ക് ശേഷം സുരക്ഷാ ഏജൻസികളുടെ പുനഃപരിശോധനയ്ക്കും വിലയിരുത്തലുകൾക്കും ശേഷമായിരിക്കും സർവീസുകൾ സാധാരണ നിലയിലാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. മെട്രോ യാത്രക്കാർ മുൻകൂട്ടി യാത്രകൾ ആസൂത്രണം ചെയ്യണമെന്നും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.