ഇരുവരുടെയും രാജി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അംഗീകരിച്ചു. അഴിമതി ആരോപണത്തിൽ ഇരുവരും ജയിലാണ്.
ദില്ലി: അഴിമതി കേസുകളില്‍ അറസ്റ്റിലായ ദില്ലി സർക്കാറിലെ രണ്ട് മന്ത്രിമാരും രാജിവച്ചു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെയും ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന്റെയും രാജി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സ്വീകരിച്ചു. തെരഞ്ഞെടുപ്പ് അടുക്കവേ സർക്കാറിന്റെ പ്രതിച്ഛായക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് നടപടി. സിസോദിയയുടെ അറസ്റ്റ് റദ്ദാക്കണമെന്ന ഹർജിയിൽ ഇപ്പോൾ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന് പിന്നാലെ മന്ത്രിസഭയിലെ രണ്ടാമനായ മനീഷ് സിസോദിയ കൂടി അകത്തായതോടെ ആംആദ്മി പാര്‍ട്ടി വലിയ പ്രതിരോധത്തിലായി. അടിയന്തര യോഗം ചേര്‍ന്ന് രണ്ട് പേരോടും രാജി വയക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സത്യം തെളിയും വരെ പുറത്ത് നില്‍ക്കും. ഇനിയും തനിക്കെതിരെ കൂടുതല്‍ കേസുകള്‍ വന്നേക്കാമെന്നും സിസോദിയയുടെ രാജിക്കത്തിലുണ്ട്. മനീഷ് സിസോദിയ കൈകാര്യം ചെയ്തിരുന്ന 18 വകുപ്പുകള്‍ മന്ത്രിമാരായ കൈലാഷ് ഗെലോട്ട്, രാജ്കുമാർ എന്നിവർക്ക് തല്‍ക്കാലികമായി നല്‍കിയിട്ടുണ്ട്. അടുത്ത മാസം നടക്കുന്ന നിയമസഭ ബജറ്റ് സമ്മേളനത്തിന് പിന്നാലെ മന്ത്രിസഭ പുനസംഘടന ഉണ്ടാകും. ബജറ്റ് കൈലാഷ് ഗെലോട്ട് അവതരിപ്പിക്കും. കേസില്‍ അറസ്റ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിസോദിയ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
എന്നാൽ ഇപ്പോള്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും ദില്ലി ഹൈക്കോടതിയെ സമീപിക്കുന്നതടക്കമുള്ള വഴികള്‍ തേടാനും കോടതി നിര്‍ദ്ദേശം നല്‍കി. അതേസമയം കേസില്‍ അറസ്റ്റിലായ രണ്ട് മന്ത്രിമാരും മന്ത്രിസഭയില്‍ തുടരുന്നതില്‍ ബിജെപി കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു. അഴിമതി വിരുദ്ധ പാര്‍ട്ടിയെന്നവകാശപ്പെട്ട് വന്ന ആംആദ്മി പാര്‍ട്ടി അഴിമതിക്കാരായ മന്ത്രിമാരെ സംരക്ഷിക്കുന്നുവെന്ന വിമര്‍ശനം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ക്ഷീണമായി. തെരഞ്ഞെടുപ്പുകള്‍ അടുത്ത വരുന്ന സാഹചര്യത്തില്‍ അറസ്റ്റും തുടര്‍ന്നുള്ള രാജിയും ആംആദ്മി പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായേക്കും.
Also Read: മദ്യനയ അഴിമതിക്കേസില്‍ മനീഷ് സിസോദിയക്ക് തിരിച്ചടി; അറസ്റ്റിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി
കള്ളപ്പണക്കേസില്‍ കഴിഞ്ഞ ജൂണിലാണ് സത്യേന്ദ്ര ജയിനെ തിഹാര്‍ ജയിലടച്ചത്. മദ്യനയക്കേസിൽ കഴിഞ്ഞ ദിവസമാണ് മനീഷ് സിസോദിയയെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടത്. മാർച്ച് നാല് വരെയാണ് മനീഷ് സിസോദിയയെ സിബിഐ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. അതേസമയം, അറസ്റ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മനീഷ് സിസോദിയ സമര്‍പ്പിച്ച ഹർജി സുപ്രീംകോടതിതള്ളി. ഇപ്പോൾ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കി. മനീഷ് സിസോദിയയെ നേരിട്ട് പിന്തുണയ്ക്കാതെ മാറി നില്‍ക്കുന്ന കോൺഗ്രസ് പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികൾ ലക്ഷ്യമിടുകയാണെന്ന് പ്രതികരിച്ചു.

