ദില്ലി: കഴിഞ്ഞ തിങ്കളാഴ്ച ദേശീയ പാതാ അതോറിറ്റി (NHAI) ദില്ലിയിലെ ദ്വാരകയിൽ നിർമിച്ച ഒരു ബഹുനിലക്കെട്ടിടത്തിന്റെ ഉദ്‌ഘാടന വേളയിൽ സംഘടിപ്പിച്ച ഓൺലൈൻ ചടങ്ങിൽ കെട്ടിട നിർമാണത്തിൽ തികഞ്ഞ അലസതയും കെടുകാര്യസ്ഥതയും പ്രകടിപ്പിച്ച അതോറിറ്റിയുടെ മാനേജർമാരെ കണക്കറ്റ് പരിഹസിച്ച് കേന്ദ്ര പൊതുമരാമത്തു വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഉദ്‌ഘാടനത്തിനായി മന്ത്രിയെ വിനയപുരസ്സരം ക്ഷണിച്ച NHAI മാനേജ്‌മെന്റിന് തങ്ങൾക്ക് മന്ത്രിയുടെ പ്രസംഗത്തിൽ നിരവധി പരിഹാസ ശരങ്ങൾ ഏറ്റുവാങ്ങേണ്ടി വരും എന്ന് യാതൊരു നിശ്ചയവും ഉണ്ടായിരുന്നില്ല. 

 

 

"ഇങ്ങനെ ഒരു ഉദ്‌ഘാടന ചടങ്ങിന് ക്ഷണിച്ചു വരുത്തപ്പെടുന്ന ഏതൊരു മുഖ്യാതിഥിയും ഉദ്‌ഘാടനം ചെയ്യപ്പെടുന്ന പ്രവൃത്തിയെപ്പറ്റി മോശം വാക്കുകൾ ഒന്നും ഉച്ചരിക്കരുത് എന്നത് ഒരു കീഴ്വഴക്കമാണ്. അങ്ങനെ ഒരു സാമാന്യമര്യാദയുള്ളത് ലംഘിക്കേണ്ടി വരുന്നതിൽ എനിക്ക് തികഞ്ഞ സങ്കോചമുണ്ട്, എങ്കിലും പറയാതെ വയ്യ. 2008 -ൽ അനുമതി ലഭിച്ച്, 2011 -ൽ ടെണ്ടർ അനുവദിക്കപ്പെട്ട ഈ പ്രോജക്ട്, 250 കോടിയുടെ അടങ്കൽ തുകയ്ക്കുള്ള ഒരു കെട്ടിട നിർമാണം, വളരെ പെട്ടെന്ന് തന്നെ പൂർത്തീകരിക്കാമായിരുന്ന ഈ കെട്ടിടത്തിന്റെ പണി പൂർത്തിയാകാൻ 9 വർഷമെടുത്തു എന്നത് അതിശയിപ്പിക്കുന്ന ഒരു കാര്യമാണ്. രണ്ടു സർക്കാരുകളും, എട്ടു ചെയർമാന്മാരും വന്നുപോയി അതിനിടെ. ഇപ്പോഴത്തെ ചെയർമാന് ഈ കാലതാമസത്തിൽ കാര്യമായ പങ്കൊന്നും ഇല്ല എങ്കിലും ഒരു കാര്യം പറയാം. ഇത്ര ചെറിയൊരു പണി പൂർത്തിയാക്കാൻ, തീരുമാനങ്ങൾ എടുക്കുന്നതിൽ കാലതാമസം ഒന്നുകൊണ്ടുമാത്രം, ഒൻപതു വർഷം ചെലവിട്ട ഇവിടത്തെ സിജിഎം, ജിഎം ലെവലിൽ ഉള്ള മാനേജർമാരുടെ ചിത്രം ഒന്നെടുത്ത് ഫ്രെയിം ചെയ്ത് ഇതേ കെട്ടിടത്തിന്റെ ലോബിയിൽ തന്നെ തൂക്കണം. " മന്ത്രി പരിഹാസ രൂപേണ പറഞ്ഞു.

ഒരു ലക്ഷം കോടിയുടെ ദില്ലി മുംബൈ ഹൈവേയുടെ ജോലികൾക്കായി നമ്മൾ മുന്നിൽ കാണുന്നത് മൂന്നു വർഷത്തെ സമയമാണ് എന്നിരിക്കെ ഇത്ര ചെറിയ ഒരു പണിക്കായി ഒൻപതുകൊല്ലം എങ്ങനെ പാഴാക്കാനായി എന്ന് മനസ്സിലാവുന്നില്ലെന്നും, എന്തിനും ഏതിനും കോൺട്രാക്ടർമാരെ മാത്രം കുറ്റപ്പെടുത്തുന്ന, തങ്ങൾ ഇരിക്കുന്ന സ്ഥാനത്തിന് ഒട്ടും യോഗ്യരല്ലാത്ത നിരവധി ഓഫീസർമാരെ താൻ തന്നെ കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങളിൽ സംഘടിപ്പിച്ച മീറ്റിംഗുകളിൽ കണ്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഇനിയും ദേശീയ പാതാ അതോറിറ്റിയിൽ ഇത്തരത്തിലുള്ള കെടുകാര്യസ്ഥത വെച്ച് പൊറുപ്പിക്കില്ല എന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. ഡെഡ് അല്ലെങ്കിൽ നോൺ പെർഫോമിംഗ് അസറ്റുകളായി മാറിക്കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥരെ അവരുടെ ലാവണങ്ങളിൽ ഇനിയും വെച്ച് പൊറുപ്പിക്കുന്ന പ്രശ്നമില്ല എന്നും മന്ത്രി മുന്നറിയിപ്പ് നൽകി. 6086 -സ്‌ക്വയർ മീറ്ററിൽ, നിലവിലെ ദ്വാരക NHAI കെട്ടിടത്തിനോട് ചേർന്നാണ് പുതിയ കെട്ടിടം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ബേസ്മെന്റ് അടക്കം പത്തുനിലകളുള്ള ഒരു കെട്ടിടമാണിത്. തങ്ങളുടെ നാനൂറോളം ഉദ്യോഗസ്ഥരെ ഈ പുതിയ കെട്ടിടത്തിലേക്ക് മാറ്റാനും ഇവിടെ ആധുനിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി അതോറിറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമായി നടപ്പിലാക്കാനും ആണ് NHAI യുടെ പദ്ധതി.