ദില്ലി: ഐഎസ് അനുകൂല രേഖകളുമായി കശ്മീരി ദമ്പതികളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ദില്ലിയില്‍ താമസമാക്കിയ കശ്മീരി ദമ്പതികളെയാണ് ദില്ലി പൊലീസിന്‍റെ സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ തീവ്രവാദ ആക്രമണവുമായി ബന്ധമുള്ളതെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്. പൗരത്വ പ്രക്ഷോഭത്തിനും, തീവ്രവാദ ആക്രമണത്തിനും യുവാക്കളെ പ്രേരിപ്പിച്ചതിനാണ് ദില്ലി പോലീസ് സ്പെഷ്യല്‍ സെല്‍ ഇവരെ അറസ്റ്റ് ചെയ്തത്.

ജഹാനാസൈബ് സമി ഇയാളുടെ ഭാര്യ ഹിന്‍ഡ ബഷീര്‍ ബീഗം എന്നിവരെയാണ് ദില്ലി പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. ഓഖ്ല മേഖലയില്‍ നിന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഇസ്‍ലാമിക് സ്റ്റേറ്റ് കൊറസാന്‍ പ്രൊവിന്‍സുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് പ്രാഥമിക വിവരം. ഇസ്‍ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട രഹസ്യ രേഖകളുമായാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ദില്ലിയില്‍ പലയിടങ്ങളിലായി തനിച്ചുള്ള ആക്രമണങ്ങള്‍ക്ക് ഇവര്‍ പദ്ധതിയിട്ടിരുന്നതായി ദില്ലി പൊലീസ് പറയുന്നു. ഇന്ത്യന്‍ മുസ്‍ലിം യുണൈറ്റ് എന്ന സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടും ഇവര്‍ കൈകാര്യം ചെയ്തിരുന്നതായാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഈ അക്കൗണ്ടില്‍ നിന്നുള്ള ചില ഇടപെടലുകളെ തുടര്‍ന്നുണ്ടായ സംശയങ്ങളാണ് ഇവരെ അറസ്റ്റ് ചെയ്യാന്‍ കാരണം. പൗരത്വ നിയമ ഭേദഗതി, എന്‍ആര്‍സി എന്നിവക്കെതിരായ സമരങ്ങളില്‍ ഈ അക്കൗണ്ടില്‍ നിന്ന് തുടര്‍ച്ചയായി ഇടപെടലുകള്‍ നടന്നതായും സംശയമുണ്ട്. കശ്മീരി സ്വദേശികളായ ദമ്പതികള്‍ ദില്ലി ജാമിയ നഗറിലാണ് താമസിച്ചിരുന്നത്. നിലവില്‍ ദില്ലിയില്‍ നടക്കുന്ന പ്രതിഷേധങ്ങളെ ഐഎസ് അനുകൂലമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇവരുടെ ഇടപെടലുകള്‍ എന്നാണ് ഇന്‍റലിജന്‍സ് വിദഗ്ധര്‍ പറയുന്നത്. യുവ മനസുകളില്‍ വിദ്വേഷം കുത്തി നിറച്ച് അവരെ ഭീകരാക്രമണത്തിന് പിന്തുണയ്ക്കാന്‍ പ്രേരിപ്പിക്കാനായിരുന്നു ഇവരുടെ ഇടപെടലുകള്‍ എന്നും ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. 

പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പ്രവർത്തിക്കുന്ന ഐഎസ് വിഭാഗമായ ഐഎസ് കൊറാസാനില്‍ നിന്നുള്ള അംഗങ്ങളാണ് ഇവര്‍. ഐഎസ് ആശയ പ്രചാരണ മാസികയായ സവുദ് അല്‍ ഹിന്ദിന്‍റെ ഫെബ്രുവരി ലക്കത്തില്‍  ഇവര്‍ ലേഖനങ്ങളെഴുതി, ട്വിറ്ററിലും, ഫെയ്സ്ബുക്കിലും ഐഎസ് ആശയപ്രചാരണം നടത്തി തുടങ്ങിയ വാദങ്ങളും  പോലീസ് ഉന്നയിക്കുന്നു