ദില്ലി: ഇരുട്ടുനിറഞ്ഞ ഒരു ഷോറൂമില്‍ തീപ്പെട്ടി കത്തിച്ചുപിടിച്ച് മോഷണം നടത്തുന്ന അംഗപരിമിതന്റെ വീഡിയോ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഐപാഡ്, ലാപ്പ്‌ടോപ്പ്, സെല്‍ഫോണ്‍ എന്നിവയാണ് ഇയാള്‍ ഷോ റൂമില്‍ നിന്ന് മോഷ്ടിച്ചത്. ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ട ദില്ലി പൊലീസ് അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

ഓഗസ്റ്റ് 27ാം തിയ്യതിയിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇത് സൗത്ത് ദില്ലിയിലെ വസന്ത് കുഞ്ച് മേഖലയിലെ ഫര്‍ണിച്ചര്‍ കടയിലേതാണെന്നും അവര്‍ വ്യക്തമാക്കി. 38 കാരനായ രാജു എന്നയാളാണ് പൊലീസ് പിടിയിലായത്. വെസ്റ്റ് ദില്ലിയിലെ കക്രോല മേഖലയിലുള്ളയാളാണ് രാജു.

വലത് കൈ നഷ്ടപ്പെട്ടയാളാണ് രാജു. ഗ്രാമത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇയാള്‍ക്ക് കൈ നഷ്ടമായത്. സെപ്തംബര്‍ 10 ന് അന്ധേരി മോധിലെ ബസ്റ്റാന്റില്‍ വച്ചാണ് പൊലീസ് രാജുവിനെ പിടികൂടിയത്. ഇയാള്‍ മോഷ്ടിച്ച ഇലക്ട്രോണിക് ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. 

നേരത്തേ പാചക വാതക സിലിണ്ടറുകളാണ് പ്രതി മോഷ്ടിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ഒരു ഫര്‍ണിച്ചര്‍ കടയില്‍ മോഷണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പകല്‍ സമയം കട നോക്കി വച്ച പ്രതി രാത്രിയിലെത്തി കട കുത്തി തുറക്കുകയായിരുന്നു. എന്നാല്‍ കടയില്‍ പ്രവേശിച്ചതിന് ശേഷം ഇയാള്‍ സ്വിച്ച് ഓണ്‍ ചെയ്തില്ല. പകരം തീപ്പെട്ടി കത്തിച്ച് കയ്യില്‍ പിടിക്കുക മാത്രമാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.