Asianet News MalayalamAsianet News Malayalam

'നടന്നത് പരസ്പരസംഘർഷം, ഇപ്പോഴെല്ലാം ശാന്തം', ദില്ലി പൊലീസിന്‍റെ വിശദീകരണം വിവാദത്തിൽ

സർവകലാശാലാ അധികൃതരുടെ അനുമതി കിട്ടാത്തതുകൊണ്ടാണ് അകത്ത് കയറാതിരുന്നതെന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്. എന്നാൽ ജാമിയ മിലിയ ഇസ്ലാമിയയിൽ അധികൃതരുടെ അനുമതിയില്ലാതെയാണ് പൊലീസ് അകത്തു കയറി വിദ്യാർത്ഥികൾക്ക് നേരെ ലാത്തിച്ചാർജ് നടത്തിയത്. 

delhi police explains what happened in jnu attacks live updates
Author
New Delhi, First Published Jan 6, 2020, 12:12 AM IST

ദില്ലി: ജവഹർലാൽ സർവകലാശാലയിൽ നടന്നത് രണ്ട് വിഭാഗക്കാർ തമ്മിലുള്ള ഏറ്റുമുട്ടൽ മാത്രമാണെന്നും, ഇതിൽ ചില വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും, അവരെ ആശുപത്രിയിലെത്തിച്ചെന്നുമുള്ള ദില്ലി പൊലീസിന്‍റെ വിശദീകരണം വിവാദത്തിൽ. ക്യാമ്പസിനകത്ത് ഫ്ലാഗ് മാർച്ച് നടത്തിയെന്നും സർവകലാശാലയുടെ ഉള്ളിൽ സ്ഥിതിഗതികൾ ശാന്തമാണെന്നുമാണ് ഈ മേഖലയുടെ ചുമതലയുള്ള സൗത്ത് വെസ്റ്റ് ഡിസിപി ദേവേന്ദർ ആര്യ വ്യക്തമാക്കിയത്.

''ക്യാമ്പസിനകത്തെ സ്ഥിതിഗതികൾ ഇപ്പോൾ ശാന്തമാണ്. ക്യാമ്പസിനകം മുഴുവൻ പൊലീസ് ഫ്ലാഗ് മാർച്ച് നടത്തിക്കഴിഞ്ഞു. എല്ലാ ഹോസ്റ്റലുകളും പൊലീസ് സംരക്ഷണയിലാണ്. എല്ലാ പ്രധാനമേഖലകളിലും പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു മേഖലകളിലും അക്രമമില്ലെന്ന് പൊലീസ് ഉറപ്പാക്കിയിട്ടുണ്ട്. വൈകിട്ട് വിദ്യാർത്ഥികൾക്കിടയിലെ രണ്ട് വിഭാഗങ്ങൾ തമ്മിൽ ചെറിയ സംഘർഷമുണ്ടായി. അതിൽ ചില വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ചില സാധനങ്ങൾക്ക് കേടുപാടുണ്ടായി. ഇത് അറിഞ്ഞ ജെഎൻയു തന്നെയാണ് പൊലീസിനോട് ഇടപെടാൻ ആവശ്യപ്പെട്ടത്'', എന്ന് ഡിസിപി ദേവേന്ദർ ആര്യ വ്യക്തമാക്കുന്നു.

സംഭവം വിവാദമായ സ്ഥിതിയ്ക്ക് അക്രമങ്ങളിൽ ദില്ലി പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമികൾ ആരായിരുന്നു എന്നതും, എങ്ങനെയാണ് അക്രമം തുടങ്ങിയത് എന്നതും വെസ്റ്റേൺ റേഞ്ച് ജോയിന്‍റ് ഡിസിപി ശാലിനി സിംഗ് അന്വേഷിക്കുമെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി. ജെഎൻയുവിലെ വിദ്യാർത്ഥികൾക്കെതിരെയുള്ള ഗുണ്ടാ ആക്രമണം നടക്കുമ്പോൾ പൊലീസ് നിഷ്ക്രിയരായിരുന്നുവെന്ന് ആരോപിച്ച് ദില്ലി പൊലീസ് ആസ്ഥാനം ജാമിയ മിലിയ ഇസ്ലാമിയയിൽ നിന്ന് അടക്കമുള്ള വിദ്യാർത്ഥികളെത്തി ഉപരോധിക്കുകയാണ്. നിരവധിപ്പേരാണ് പ്രതിഷേധത്തിന്‍റെ ഭാഗമായി ദില്ലി പൊലീസ് ആസ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. ഒരു പക്ഷേ ജെഎൻയു എന്ന സർവകലാശാലയുടെ ചരിത്രത്തിലാദ്യമായാണ് ഇത്ര വലിയൊരു അക്രമം ക്യാമ്പസിനകത്ത് നടക്കുന്നത്. 

'ജാമിയയിൽ ഇടപെടാം, ജെഎൻയുവിൽ പറ്റില്ലേ?'

എന്നാൽ ക്രമസമാധാനം തകർന്ന നിലയിലും, ക്യാമ്പസിനകത്തുള്ള വെറും ചെറു സംഘർഷം എന്ന നിലയിൽ അക്രമത്തെ ചെറുതാക്കിക്കാണുന്ന പൊലീസ് നിലപാടിനെതിരെ കടുത്ത പ്രതിഷേധമാണുയരുന്നത്. അക്രമത്തിന്‍റെ വിവരം കിട്ടിയപ്പോൾ പൊലീസ് എന്തുകൊണ്ട് ഇടപെടുന്നില്ല എന്ന ചോദ്യത്തിന് ക്യാമ്പസിനകത്ത് കയറാൻ സർവകലാശാലയുടെ അനുമതി വേണമെന്നും, അതിനായി കാത്തിരിക്കുകയായിരുന്നുവെന്നുമായിരുന്നു പൊലീസിന്‍റെ മറുപടി. എന്നാൽ ജാമിയ മിലിയ ഇസ്ലാമിയയുടെ അകത്ത് കയറി വിദ്യാർത്ഥികൾക്ക് നേരെ നടപടിയെടുക്കാനും ലാത്തിച്ചാർജ് ചെയ്യാനും കണ്ണീർ വാതകം പ്രയോഗിക്കാനും മടിക്കാതിരുന്ന പൊലീസ് ഇപ്പോൾ എന്തുകൊണ്ട് ഇടപെട്ടില്ല എന്ന ചോദ്യമാണ് വിദ്യാർത്ഥികൾ ഉന്നയിക്കുന്നത്.

മുഖംമൂടി ധരിച്ച അക്രമികൾ ക്യാമ്പസിനകത്തേക്ക് കയറിയപ്പോഴൊക്കെ ജെഎൻയു ക്യാമ്പസിന്‍റെ എല്ലാ ഗേറ്റുകളുടെയും ചുറ്റും പൊലീസുണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ജാമിയ മിലിയ ഇസ്ലാമിയയിലെയും, അലിഗഢിലെയും പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ജെഎൻയുവിൽ പൊലീസ് വിന്യാസം നടത്തിയിരുന്നു. ഇവരെയെല്ലാം വെട്ടിച്ച് ഗുണ്ടകളായ അക്രമികൾ എങ്ങനെ അകത്തെത്തി വിദ്യാ‍ർത്ഥികളെ ആക്രമിച്ചതെന്ന ചോദ്യമാണുയരുന്നത്. പൊലീസ് സഹായിക്കാതെ അക്രമികൾക്ക് അകത്തേക്ക് ഇത്രയധികം ആയുധങ്ങളുമായി കടക്കാനാകില്ലെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.

അക്രമം ഉണ്ടായ ശേഷം, പ്രതിഷേധവുമായി അധ്യാപകരടക്കം മെയിൻ ഗേറ്റിന് സമീപത്തേക്ക് എത്തിയപ്പോൾ, ഗേറ്റ് തുറക്കാതെ അധ്യാപകർക്ക് മാധ്യമങ്ങളോട് സംസാരിക്കാൻ പോലും അനുമതി ദില്ലി പൊലീസ് നൽകിയില്ല. പകരം ഇവർക്ക് നേരെ കയ്യേറ്റമുണ്ടായപ്പോൾ നോക്കി നിന്നെന്ന് ഇവിടെയുണ്ടായിരുന്ന വിദ്യാർത്ഥികൾ ആരോപിക്കുന്നു. 

ഇപ്പോഴും ഹോസ്റ്റലിനകത്ത് മുഖം മൂടി ധരിച്ച ആളുകളുണ്ടെന്നും അമ്പതോളും ഗുണ്ടകളുണ്ടെന്നും പൊലീസും ഇവരും ചേർന്ന് ഭീഷണിപ്പെടുത്തുകയാണെന്നും പുറത്ത് എന്തെങ്കിലും പോയി പറഞ്ഞാൽ എഫ്ഐആർ ഇട്ട് ഭാവി നശിപ്പിക്കുമെന്നും, കേസെടുക്കുമെന്നും, അകത്തിടുമെന്നും പൊലീസ് ഭീഷണിപ്പെടുത്തുന്നുവെന്നും വിദ്യാർത്ഥികൾ പുറത്തുള്ള മാധ്യമപ്രവർത്തകർക്ക് അയച്ച വാട്‍സാപ്പ് ഓഡിയോ സന്ദേശങ്ങളിലുണ്ട്.

വിദ്യാർത്ഥികളെ കാണാനെത്തിയ സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവിനെ ഗേറ്റിനടുത്ത് വച്ച് അക്രമികൾ തടഞ്ഞു. ആക്രമിച്ചു. കൈയേറ്റം ചെയ്തു. ഇതെല്ലാം കണ്ടിട്ടും പൊലീസ് നിഷ്ക്രിയരായിരുന്നുവെന്നത് ദൃശ്യങ്ങളിൽ വ്യക്തം.  

Follow Us:
Download App:
  • android
  • ios