ദില്ലി : ജാമിയ നഗറിലെ എന്‍ഐഎ റെയ്ഡുകള്‍ തടസപ്പെടുത്തിയതിന് എഎപി എംഎല്‍എ അമാനത്തുള്ള ഖാനെതിരെ കേസ്. എന്‍ഐഎ ഡിഎസ്പിയുടെ പരാതിയിലാണ് ദില്ലി പൊലീസിന്‍റെ നടപടി. സര്‍ക്കാര്‍ ജീവനക്കാരുടെ കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്. വ്യാഴാഴ്ചയാണ് ജാമിയ നഗറിലെ രണ്ടിടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടന്നത്. ദില്ലിയിലെ മുൻ ന്യൂനപക്ഷ കമ്മീഷൻ മേധാവി സഫറുൽ  ഇസ്ലാം ഖാൻ  അധ്യക്ഷനായ ചാരിറ്റി സംഘടനയിലെ റെയ്ഡാണ് എഎപി എംഎള്‍എയും അനുയായികളും തടസപ്പെടുത്തിയതെന്നാണ് പരാതി. 

ജീവകാരുണ്യ സംഘടനയുടെ പരിസരത്ത് നിന്ന് പോകാനൊരുങ്ങിയ എന്‍ഐഎ ഉദ്യോഗസ്ഥരെ തടഞ്ഞു, മാര്‍ഗതടസം സൃഷ്ടിച്ചെന്നും പരാതി വ്യക്തമാക്കുന്നു. എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കതിരെ മുദ്രാവാക്യം വിളിച്ചതായും പരാതിയിലുണ്ടെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്. ജമ്മുകശ്മീരിലെ വിഘടനവാദ പ്രവര്‍ത്തനങ്ങൾക്ക് പണമെത്തുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് വിവിധ ഇടങ്ങളിൽ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. 

ശ്രീനഗറിലെ 6 എൻജിഒകളും ട്രസ്റ്റുകളും ദില്ലിയിലെ ചാരിറ്റി കേന്ദ്രത്തിലും അടക്കം ഒമ്പത് ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. ഭീകരവാദ പ്രവർത്തനങ്ങൾക്കായി കള്ളപ്പണം ഉപയോഗിക്കുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. എൻജിഒകളും ട്രസ്റ്റുകളും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ഇന്ത്യയിലും വിദേശത്തും നിന്നും ധനസമാഹരണം നടത്തി ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുവെന്നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.