ദില്ലി: ദില്ലിയിൽ കർഷകരുടെ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന സംഘർഷങ്ങളിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്തതായി ദില്ലി പൊലീസ്. സിംഘു, തിക്രി അതിർത്തികളിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് നാല് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്നത്തെ സംഘർഷത്തിൽ 83 പൊലീസുകാർക്ക് പരിക്കേറ്റെന്ന് ദില്ലി പൊലീസ്.

സംഘർഷത്തിൽ ദില്ലി പൊലീസ് കമ്മിഷണർ അടിയന്തര റിപ്പോർട്ട് തേടി. ചെങ്കോട്ടയിൽ മാത്രം 41 പൊലീസുകാർക്ക് പരിക്കേറ്റു. 45 പേർ ചികിത്സയിലുണ്ട്. 15000 കർഷകർ ദില്ലി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചിരിക്കുന്നതായി പൊലീസ് പറയുന്നു. ഇവരെ തിരികെ വിളിക്കണമെന്ന് കർഷക സംഘടനകളോട് ദില്ലി പൊലീസ് ആവശ്യപ്പെട്ടു.

ദില്ലി സംഘർഷവുമായി ബന്ധപ്പെട്ട്, സമരക്കാർ പൊലീസിനെ മർദ്ദിക്കുന്ന വീഡിയോ ദൃശ്യവും ഐടിഒയിൽ കർഷകന്റെ മരണത്തിന് കാരണമായതെന്ന് പൊലീസ് അവകാശപ്പെടുന്ന വീഡിയോ ദൃശ്യവും ദില്ലി പൊലീസ് തന്നെ പുറത്തുവിട്ടിട്ടുണ്ട്.

രാത്രി വൈകിയും ചെങ്കോട്ടയിലേക്ക് ട്രാക്ടറുകളും സമരക്കാരും എത്തുന്നതിനാൽ ഇവിടുത്തെ പ്രധാന ഗേറ്റ് പൊലീസ് അടച്ചു. ഭൂരിഭാഗം ട്രാക്ടറുകളും ഇവിടെ നിന്ന് പുറത്തേക്ക് പോയി. അതേസമയം ദില്ലിക്കകത്തെ പ്രധാന പാതകൾ അധികവും പൊലീസ് അടച്ചിട്ടുണ്ട്. ദില്ലിക്ക് അകത്ത് പലയിടത്തായുള്ള സമരക്കാരെ തിരികെ അതിർത്തിക്ക് പുറത്താക്കാനാണ് ശ്രമം.