കൊറോണ വൈറസ് എന്ന മഹാമാരിയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ലോക ജനത. ആരോ​ഗ്യപ്രവർത്തകരും പൊലീസുകാരും കൊവിഡ് പോരാട്ടത്തിൽ യോദ്ധാക്കളെ പോലെ മുൻപന്തിൽ തന്നെയുണ്ട്. ഇതിനിയിൽ കൊവിഡ് പോരാളികൾക്ക് ആദരമർപ്പിച്ചുകൊണ്ട് പാട്ട് പാടി ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഒരു പൊലീസുകാരൻ.

ദില്ലി പൊലീസ് ഉദ്യോഗസ്ഥൻ രജത് റാത്തോർ ആണ് പ്രത്യേക ​ഗാനാർച്ചനയുമായി രം​ഗ​ത്തെത്തിയിരിക്കുന്നത്. അക്ഷയ്കുമാറിന്റെ കേസാരി എന്ന ചിത്രത്തിലെ 'തെരി മിട്ടി' എന്ന ഗാനത്തിന്റെ പുതിയ പതിപ്പാണ് രജത് പാടുന്നത്. അദ്ദേഹം തന്നെയാണ് ഇത് ഫേസ്ബുക്കിൽ പങ്കുവച്ചതും. ഗിറ്റാറിനൊപ്പം അതി മധുരമായ ശബ്ദത്തോടെ ​ഗാനം ആലപിക്കുന്ന രജതിനെ വീഡിയോയിൽ കാണാൻ സാധിക്കും. 

"ഈ മഹാമാരിയുമായി പോരാടുന്ന എല്ലാ ഹീറോകൾക്കും എന്റെ ഭാഗത്തുനിന്ന് ഒരു ആദരം. ഡോക്ടർമാരേയും ഫോഴ്‌സ് അംഗങ്ങളേയും ഞാൻ സല്യൂട്ട് ചെയ്യുന്നു. ഇതെന്റ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണ്" രജത് റാത്തോർ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചു.

'തെരി മിട്ടി' എന്ന ഗാനത്തിന്റെ പുതിയ പതിപ്പ് ആരോഗ്യസംരക്ഷണ പ്രവർത്തകർക്ക് നന്ദി അറിയിക്കുന്നതിനായാണ് അക്ഷയ് കുമാർ അടുത്തിടെ പുറത്തിറക്കിയത്. രജത് വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. നിരവധി പേരാണ് പൊലീസുകാരനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.